vaza
കാർഷിക വിളകൾ

കോഴിക്കോട്: ദിവസങ്ങളായി തകർത്ത് പെയ്ത മഴയിലും വീശിയടിച്ച കാറ്റിലും ജില്ലയിലെ കാർഷിക മേഖലയ്ക്ക് കനത്ത നാശം. 9.34 കോടി രൂപയുടെ വിളകളാണ് തകർന്നടിഞ്ഞത്. പത്ത് ദിവസം കൊണ്ട് വാഴകൃഷി മണ്ണിൽ മൂക്കുകുത്തി.

‌ ഇതുവരെ കൊയിലാണ്ടി താലൂക്കിലെ 14 വില്ലേജുകളിലായി 90 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. താമരശേരി താലൂക്കിൽ 19 വീടുകളാണ് ഭാഗികമായി തകർന്നത്. ഇതിലൂടെ 16.25 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. കാലവർഷത്തിന് നേരിയ ശമനമുണ്ടായതോടെ ജില്ലയിൽ ക്യാമ്പുകളുടെ എണ്ണം കുറഞ്ഞു. നാല് താലൂക്കുകളിലായി 7 ദുരിതാശ്വാസ ക്യാമ്പിൽ 62 പേരാണ് ഇപ്പോഴുള്ളത്.

കൊയിലാണ്ടി താലൂക്കിൽ ബാലുശ്ശേരി മർകസ് പബ്ലിക് സ്‌കൂളിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ ആറ് പേരുണ്ട്. കോഴിക്കോട് താലൂക്കിൽ രണ്ടു വില്ലേജുകളിലായി രണ്ടു ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 19 പേരാണ് ആകെ കഴിയുന്നത്. മാവൂർ വില്ലേജിലെ ജി.എം.യു.പി സ്‌കൂളിൽ ആറ് കുടുംബത്തിലെ 13 പേരും കടലുണ്ടി വില്ലേജിൽ വട്ടപ്പറമ്പ ജി.എൽ.പി സ്‌കൂളിൽ ഒരു കുടുംബത്തിലെ ആറു പേരുമാണ് താമസിക്കുന്നത്.

താമരശേരി താലൂക്കിൽ തിരുവമ്പാടി വില്ലേജിലെ സെന്റ് സെബാസ്റ്റ്യൻ എൽ.പി.എസ് മുത്തപ്പൻ പുഴയിലെ ക്യാമ്പിൽ 8 കുടുംബങ്ങളിലെ 16 പേരുണ്ട്. മഴയിൽ പൂത്തൂർ വില്ലേജിൽ കോരൻചോലമ്മൽ ശിവദാസന്റെ വീട് തകർന്നു. ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. വടകര താലൂക്കിൽ മൂന്ന് ക്യാമ്പുകളാണ് ഉള്ളത്. ഒഞ്ചിയം വില്ലേജിലെ വാർഡ് ആറ് അംഗൻവാടി, ചെക്യോട് വില്ലേജിലെ കണ്ടിവാതുക്കൽ അംഗൻവാടി, വില്ല്യാപ്പള്ളി എം.ജെ.വി.എസ് സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത്. ഒൻപത് കുടുംബങ്ങളിൽ നിന്നായി 21 പേർ കഴിയുന്നു.

കൂടുതൽ ക്യാമ്പുകൾ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനും തയ്യാറാണ്.

കെ. ഗോകുൽ ദാസ്

കൊയിലാണ്ടി തഹസിൽദാർ

നശിച്ച കാർഷിക വിളകൾ

വാഴ(കുലച്ചത്)​-66347

വാഴ- 44688

റബ്ബർ(ടാപ്പിംഗ്)​-3394

റബ്ബർ-1502

കവുങ്ങ്(കായ്ഫലം ഉള്ളത്)​-3974

കവുങ്ങ്-1385

തെങ്ങ്, ഇഞ്ചി, മഞ്ഞൾ, റബ്ബർ, കുരുമുളക്, കപ്പ

ദുരന്ത ബാധിതർ- 8965 കർഷകർ