കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിൽ പ്രകൃതി ക്ഷോഭത്തിലും മറ്റ് അടിയന്തിര സാഹചര്യങ്ങളിലും സഹായമേകാൻ കൂട്ടായ്മ തുടങ്ങി നാട്ടുകാർ. പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി, വൈസ് പ്രസിഡന്റ് സി.പി. ബാബുരാജ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് 'മലയോര ശബ്ദം' എന്ന പേരിൽ ഒത്തുചേർന്നത്. പ്രവർത്തനങ്ങൾ ഏകോപിക്കാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇപ്പോൾ ഇടപെടൽ.
കുറ്റ്യാടി പുഴയുടെ കൈവഴികളായ കടന്തറ പുഴ, നെടുവയൽ പുഴയുടെ പരിസരങ്ങളിലെല്ലാം കൊവിഡ് കാലത്ത് ഇവർ സജീവമാണ്. ഇവരുടെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഇടപെടൽ മാതൃകയാണെന്ന് ഇ.കെ വിജയൻ എം.എൽ.എ പറഞ്ഞു. വീടുകളിൽ വെള്ളം കയറിയപ്പോഴും മണ്ണിടിച്ചിലിൽ അപകട ഭീക്ഷണി ഉണ്ടായപ്പോഴും കൂട്ടായ്മ രക്ഷയ്ക്ക് എത്തിയിരുന്നു. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ടി.വിയും മൊബൈലും എത്തിച്ചു. സഹായം ആവശ്യമായാൽ ഗ്രൂപ്പിനെ അറിയിക്കാമെന്ന് ഭാരവാഹികൾ പറഞ്ഞു.