മുക്കം: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വ്യക്തിയെ അപമാനിക്കുന്ന പ്രചാരണം നടത്തുന്നതായി പരാതി. എൻ.ഐ.ടി യിലെ ട്രീറ്റ്മറ്റ് സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ട കോഴിക്കോട് ഡി.എം.ഒ ഓഫീസ് ജീവനക്കാരനായ തൊണ്ടിമ്മൽ സ്വാദേശിയാണ് ശബ്ദസന്ദേശത്തിലൂടെ തന്റെ സങ്കടം പൊതുസമൂഹവുമായി പങ്ക് വെക്കുകയായിരുന്നു.
ക്വാറന്റൈൻ ലംഘിച്ച് താൻ കറങ്ങി നടന്നതായും വിവിധ സ്ഥാപനങ്ങളിൽ എത്തിയതായുമുള്ള പ്രചാരണം ശരിയല്ല. ഓഫീസിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തയ്യാറാക്കിയ സമ്പർക്കപ്പട്ടികയിൽ താൻ ഉൾപ്പെട്ടിരുന്നില്ല. തന്നോടാരും ക്വാറന്റൈനിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുമില്ല.
സ്വമേധയാ മുക്കം സി.എച്ച്.സി യിൽ പരിശോധനയ്ക്ക് വിധേയനായപ്പോൾ ഫലം പോസിറ്റീവെന്ന് അറിഞ്ഞതോടെ സ്വയം ചികിത്സാകേന്ദ്രത്തിൽ എത്തുകയായിരുന്നു. ഇല്ലാത്തതു പറഞ്ഞ് കുടുംബാംഗങ്ങളെ കൂടി വേദനിപ്പിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ശബ്ദസന്ദേശത്തിൽ അഭ്യർത്ഥിക്കുന്നു.