സുൽത്താൻ ബത്തേരി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബത്തേരി നഗരസഭ പട്ടണത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ പിൻവലിച്ചു. ആഗസ്റ്റ് അഞ്ചു മുതൽ സെപ്തംബർ അഞ്ച് വരെയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
വ്യാപാരി സംഘടനകളുടെയും മറ്റ് സംഘടനകളുടെയും ആവശ്യങ്ങളെ തുടർന്നാണ് നഗരത്തിലെ കർശന നിയന്ത്രണം ഒഴിവാക്കുന്നതെന്ന് നഗരസഭ ചെയർമാൻ ടി.എൽ.സാബു അറിയിച്ചു.
ഇന്ന് മുതൽ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് കാലത്ത് 7 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാം. വഴിയോര കച്ചവടം, ഗുമട്ടികൾ, ഗുഡ്സ് ഓട്ടോകളിലുള്ള കച്ചവടം, ഷെഡ്‌കെട്ടിയുള്ള ചായകച്ചവടം, പട്ടണത്തിൽ സർവ്വീസ് നടത്തിയിരുന്ന ഓട്ടോ-ടാക്സികൾക്ക് ഏർപ്പെടുത്തിയിരുന്ന ഒറ്റ അക്ക ഇരട്ട അക്ക നിയന്ത്രണം, മൽസ്യ മാർക്കറ്റിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം എന്നിവയും പിൻവലിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതാണെന്ന് പത്രക്കുറിപ്പിൽ പറയുന്നു.
നാടൻ ചാരായവും വാഷും പിടികൂടി
മീനങ്ങാടി: പന്നിമുണ്ട കാരാട്ടുകുന്നിൽ നിന്ന് 10 ലിറ്റർ നാടൻ ചാരായവും 50 ലിറ്റർ വാഷും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഇലഞ്ഞിക്കുഴി വർഗ്ഗീസ് (59)നെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വർഗ്ഗീസിന്റെ പഴയ വീട്ടിൽ നിന്ന് ചാരായവും വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്.
പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ പി.ജി.പ്രേംദേവദാസ്, എ.എസ്.ഐ ഹരീഷ്‌കുമാർ, എസ്.സി.പി.ഒ ജോസഫ്, സി.പി.ഒ മാരായ പി.നിഷാദ്, ഷബീറലി, ബിനു, ആന്റി നാർക്കോട്ടിക് സെൽ എസ്.ഐ. ജോൺസൺ എന്നിവർ ചേർന്നാണ് പിടികൂടിയത്.