മുക്കം: പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും മുക്കം നഗരസഭയിലെന്ന പോലെ കാരശ്ശേരി, ഓമശേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലും കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിൽ ആശങ്ക. രോഗവ്യാപനവും സമ്പർക്കസാദ്ധ്യതയും കണക്കിലെടുത്ത് മുക്കം ടൗൺ അടക്കം നാലു വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി. 14 മുക്കം, 12 അഗസ്ത്യൻമുഴി, 20 പുൽപറമ്പ് , 22 പൊറ്റശ്ശേരി എന്നിവയാണിവ.

മുക്കം നഗരസഭയിലെ ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനത്തിലെയും ഈ സ്ഥാപനത്തിന്റെ ഉടമയുടെ തന്നെ അഗസ്ത്യൻമുഴിയിലുള്ള മറ്റു സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് കൂട്ടത്തോടെ രോഗം ബാധിച്ച സാഹചര്യത്തിൽ ഇവ അടയ്ക്കാനും മറ്റു തൊഴിലാളികളെയും സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരെയും പരിശോധനയ്ക്ക് വിധേയരാക്കാനും അധികൃതർ നൽകിയ നിർദ്ദേശം പൂർണമായി പാലിക്കപെട്ടിട്ടില്ല. ഇന്നലെ മുക്കം സി എച്ച് സി യിൽ നടത്തിയ പരിശോധനയിൽ പങ്കെടുക്കാനെത്തിയവരിൽ പലർക്കും തിരക്കു കാരണം പിന്തിരിയേണ്ടി വന്നു. പൊലീസിന്റെ സാന്നിദ്ധ്യമില്ലാതെ ഒരുക്കിയ പരിശോധനാ ക്യാമ്പിൽ നൂറു കണക്കിലാളുകൾ കൂട്ടത്തോടെ എത്തുകയായിരുന്നു. ആരോഗ്യ പ്രോട്ടോക്കോൾ പാലിക്കാൻ സൗകര്യമില്ലെന്നതും പലരെയും പിന്തിരിപ്പിക്കാൻ ഇടയാക്കി.

ഇന്നലെ 275 പേരെയും തിങ്കളാഴ്ച 95 പേരെയും പരിശോധിച്ചതിൽ 14 പേരെ പോസിറ്റീവെന്ന് കണ്ടെത്തി. 75 പേരുടെ പരിശോധനാ ഫലം വരാനുണ്ട്.