college
college

വടകര: കൊവിഡ് ഭീഷണി നേരിടാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോളേജുകളിൽ സീറ്റ് കൂട്ടിയും മറ്റും സൗകര്യമൊരുക്കുമ്പോൾ മലബാറിലെ കോളേജ് പ്രവേശനവും ഫീസിലെ അന്തരവും വിവാദമാകുന്നു. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ ഡിഗ്രി, പി.ജി പ്രവേശനത്തിന് 280 രൂപയാണ് അപേക്ഷാ ഫോറത്തിന് ഈടാക്കുന്നതെങ്കിൽ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ പ്രവേശനത്തിന് 420 രൂപ നൽകണം. അപേക്ഷ അയക്കാനുള്ള ചെലവടക്കം 600 രൂപയോളം വരും. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സമീപ കോളേജുകളിൽ പഠിക്കാനുള്ള സൗകര്യമില്ലാത്തതും കൊവിഡ് കാലത്ത് പ്രതിസന്ധി സൃഷ്ടിക്കും. പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ വിദ്യാർത്ഥികൾ കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ വിദൂര കോളേജുകളിൽ പഠിക്കാനെത്തുന്നത് കൊവിഡ് കാലത്ത് ദുരിതമാകും. താമസം, ഭക്ഷണം എന്നിവ കണ്ടെത്തുക പ്രയാസമായിരിക്കും. ഓൺലൈൻ പഠനമായാലും കോളേജ് സന്ദർശനം ഒഴിവാക്കാനാവില്ല. വടകര താലൂക്കിലുള്ളവർക്ക് കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ വരുന്ന മടപ്പള്ളി കോളേജിലും കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ തലശ്ശേരി ബ്രണ്ണൻ കോളേജിലും പഠന സൗകര്യമൊരുക്കുന്ന ക്രമീകരണം വിദ്യാർത്ഥികളുടെ അദ്ധ്യയനം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.