കോഴിക്കോട്: രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും ഒന്നിനു പിറകെ ഒന്നായി നാടിനെ ഉലയ്ക്കുമ്പോൾ വീർപ്പുമുട്ടുന്നത് വില്ലേജ് ഓഫീസുകളാണ്. അംഗബലക്കുറവും ജോലി ഭാരവുമാണ് ഉദ്യോഗസ്ഥരുടെ പ്രശ്നമെങ്കിൽ പലതവണ ഓഫീസ് കയറിയിറങ്ങുന്നതിന്റെ മനപ്രയാസത്തിലാണ് ജനങ്ങൾ.
സംസ്ഥാനത്ത് 941 പഞ്ചായത്ത് ഓഫീസുകളും 1664 വില്ലേജുകളുമാണുളളത്. എന്നാൽ പഞ്ചായത്തിന് ആനുപാതികമായി നോക്കിയാൽ നാലായിരത്തോളം ക്ലാർക്കുമാരുടെ കുറവുണ്ട്. ഏഴായിരം ക്ലാർക്കുമാർ ചെയ്യേണ്ട സേവനം 3300 വി.എഫ്.എമാരുടെ സഹായം തേടിയാണ് ചെയ്യുന്നതെന്ന് കേരള റവന്യു വില്ലേജ് സ്റ്റാഫ് ഓർഗനൈസേഷൻ മുൻ സംസ്ഥാന സെക്രട്ടറി പോളി ഡേവിസ് പറയുന്നു.കൊവിഡും കാലവർഷക്കെടുതിയും ലൈഫ് പദ്ധതിയും കൂട്ടത്തോടെ എത്തിയത് ജോലിഭാരം ഇരട്ടിച്ചു.
ജോലി ഭാരം, ചിലർക്ക് സുഖ ലാവണം
1969ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് വില്ലേജ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ നിലവാരവും ആളുകൾക്ക് സ്വന്തമായി ഭൂമിയും ലഭിച്ചതോടെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും കൂടി. എന്നാൽ ജീവനക്കാർ കൂടിയില്ല. മാത്രമല്ല സ്വപ്ന പദ്ധതികളായ ഗുരുവായൂർ-കുറ്റിപ്പുറം റെയിൽപാത, മെട്രോ, ദേശീയപാത വികസനം, വിമാനത്താവളം എന്നീ പദ്ധതികളിൽ പലരെയും നിയോഗിച്ചു. രാഷ്ട്രീയ സ്വാധീനമുള്ളവർ ഇത്തരം ലാവണം തരപ്പെടുത്തി പോകുന്നതോടെ അവശേഷിക്കുന്നവരുടെ ഉത്തരവാദിത്വം കൂടി. അഞ്ച് പേർ വേണ്ട ഓഫീസിൽ പലയിടത്തും മൂന്ന് പേരായി. സർട്ടിഫിക്കറ്റുകൾ നൽകാൻ അധികാരമില്ലാത്ത വില്ലേജ് ഫീൽഡ‌് അസിസ്റ്റന്റുമാരാണ് ഇതിലൊരാൾ. ഈ തസ്തിക ഉയർത്താനുള്ള ആവശ്യവും കാലങ്ങളായി സർക്കാരിന് മുന്നിലുണ്ട്.
ലൈഫും പരാതികളും
ലൈഫ് പദ്ധതിയ്ക്ക് അപേക്ഷിക്കാൻ വില്ലേജ് ഓഫീസുകളിൽ നിന്ന് സർട്ടിഫിക്കറ്റുകൾ സമയത്ത് ലഭിക്കാത്തത് പലവിധ തർക്കങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തൃശൂരിലെ പുത്തൂർ വില്ലേജ് ഓഫീസിൽ ജനപ്രതിനിധികളുടെ പ്രതിഷേധം ഉണ്ടായതും ഓഫീസർ ആത്മഹത്യാ ശ്രമം നടത്തിയതും ഈ പശ്ചാത്തലത്തിലായിരുന്നു. വർഷങ്ങളായി തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി വില്ലേജ് ഓഫീസർ പരാതിപ്പെടുമ്പോൾ സർട്ടിഫിക്കറ്റുകൾ സമയത്ത് ലഭിക്കുന്നില്ലെന്നാണ് പഞ്ചായത്തിന്റെ വാദം. ഫലത്തിൽ ഇതിനെല്ലാം ഇടയാക്കുന്നത് ജീവനക്കാരുടെ കുറവാണെന്ന് സംഘടനാ നേതൃത്വം ആരോപിക്കുന്നു. സർട്ടിഫിക്കറ്റുകൾ നൽകേണ്ട ഇ- ഡിസ്ട്രിക്ട് പോർട്ടൽ ഇടയ്ക്കിടെ പ്രവർത്തന രഹിതമാകുന്നതും വൈദ്യുതി തടസവും ഇന്റർനെറ്റ് തകരാറും മൂലം പല അപേക്ഷകളും തീർപ്പാക്കാൻ വൈകുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളുടേയും അന്തേവാസികളുടെയും ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ ഓൺലൈനായി ചേർക്കുന്ന ജോലികളും കൂടിയായത് ബാദ്ധ്യതയായി.