മുക്കം: കൊവിഡിനെ പേടിച്ച് ഇനിയാരും പണം വാങ്ങാനോ കൊടുക്കാനോ മടിക്കണ്ട.നിമിഷനേരത്തിനകം നോട്ടുകൾ അണുവിമുക്തമാക്കാനാവുന്ന "കറൻസി ഡിസിൻഫക്ടർ" റെഡി.
കളന്തോട് കെ.എം.സി.ടി.എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ അഞ്ചംഗ സംഘമാണ് ഈ നൂതനോപകരണത്തിന് പിന്നിൽ. ഇതുപയോഗിച്ച് കറൻസി അണുവിമുക്തമാക്കാൻ അഞ്ചു സെക്കൻഡ് മതിയെന്ന് ഇവർ പറയുന്നു. ര
ണ്ടാം വർഷ വിദ്യാർത്ഥികളായ ടി.ആദർശ്, ഫിനു മുഹമ്മദ് (കമ്പ്യൂട്ടർ സയൻസ് ), പി.ജി.ആകാശ്, പി.അജയ് (ഇലക്ട്രിക്കൽ), ഒന്നാംവർഷ മെക്കാനിക്കൽ വിദ്യാർത്ഥി മുഹമ്മദ് ജാബിർ എന്നിവരാണ് "കറൻസി ഡിസിൻഫക്ടറി"നു രൂപം നൽകിയത്. കറൻസി കൈകാര്യം ചെയ്യുന്ന ചെറുതും വലുതുമായ ഏതു സ്ഥാപനത്തിലും ഈ ഉപകരണം ഉപയോഗിക്കാമെന്ന് ഇവർ പറയുന്നു. വ്യാവസായികാടിസ്ഥാനത്തിൽ ഉപകരണം നിർമ്മിക്കാൻ താത്പര്യമുള്ളവർക്ക് സാങ്കേതികജ്ഞാനം കൈമാറാനും ഒരുക്കമാണിവർ. കോളേജ് പ്രിൻസിപ്പൽ ഡോ.സി.രഞ്ജിത്ത്, കമ്പ്യൂട്ടർ സയൻസ് വകുപ്പു മേധാവി പി.സ്വരാധ്, ഇലക്ട്രോണിക്സ് ലാബ് അസിസ്റ്റൻറ് അമിത് സത്യൻ എന്നിവരുടെ മേൽനോട്ടത്തിലാണ് യുവപ്രതിഭകളുടെ ഈ നേട്ടം.