വടകര: കൊവിഡ് പേടിയിൽ ആശുപത്രിയിലെത്താൻ ഭയക്കുന്ന വൃദ്ധജനങ്ങൾ ശ്രദ്ധിക്കുക. നിങ്ങൾക്കുള്ള മരുന്നെല്ലാം അദ്ധ്യാപകർ വീട്ടിലെത്തിക്കുന്നുണ്ട്. അഴിയൂർ പഞ്ചായത്തിലാണ് അദ്ധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി പഞ്ചായത്തിലെ ആയുർവേദ ആശുപത്രിയിലെ മരുന്നുകൾ എത്തിക്കുന്നത്. വൃദ്ധർ വീട്ടിലിരുന്ന് ഫോണിൽ ഡോക്ടറെ വിളിച്ച് രോഗവിവരം പറഞ്ഞാൽ മാത്രം മതിയാകും.
ജനസാന്ദ്രതയേറിയ അഴിയൂർ പൂർണ്ണമായും കണ്ടെയിൻമെന്റ് സോണായതും പകർച്ചവ്യാധി നിയമപ്രകാരം 65 വയസ് കഴിഞ്ഞവർക്ക് പുറത്തിറങ്ങാൻ വിലക്ക് വന്നതുമാണ് ഈ നീക്കത്തിന് കാരണം. കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അദ്ധ്യാപകരാണ് മരുന്ന് എത്തിക്കുന്നത്.
രണ്ടു മാസങ്ങളിലായി 733 പേർക്ക് ഓൺലൈൻ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. 350 പേർക്ക് മരുന്ന് വീട്ടിൽ എത്തിച്ചു നൽകി. പേശി വേദനകൾ, പ്രമേഹം, രക്തസമ്മർദ്ദം, ഞരമ്പ് സംബന്ധമായ പ്രശ്നം എന്നിവയ്ക്കാണ് ചികിത്സ നടത്തിയത്. വൃദ്ധർ സ്ഥിരമായി ആയുർവേദ ആശുപത്രിയിൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഓൺലൈൻ ചികിത്സ ഒരുക്കിയത്. പൊതു ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നപ്പോൾ സ്വന്തം വാഹനത്തിലാണ് വാർഡ് ആർ.ആർ.ടിമാരുടെ സഹായത്തോടെ അദ്ധ്യാപകർ മരുന്ന് എത്തിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ, സെക്രട്ടറി ടി. ഷാഹുൽഹമീദ്, ഡോക്ടർ രമ്യ, അദ്ധ്യാപകരായ കെ. സജേഷ് കുമാർ, ആർ.പി റിയാസ്, ഫാർമസിസ്റ്റ് കെ. വിജില എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. മരുന്നു വാങ്ങുന്നതിന് മെയിന്റനൻസ് ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. പദ്ധതിയിലൂടെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനായതായി സെക്രട്ടറി പറഞ്ഞു.