കൽപ്പറ്റ: ബത്തേരി നിയോജക മണ്ഡലത്തിന് അനുവദിച്ച ഗവ: കോളേജ് യാഥാർത്യമാവാത്തതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് എം.എൽ.എ ഐ.സി.ബാലകൃഷ്ണന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്ന് എസ്.എഫ്.ഐ.
ജില്ലയിൽ സർക്കാർ കോളേജ് ഇല്ലാത്ത ഏക മണ്ഡലമെന്ന കാര്യം പരിഗണിച്ചാണ് 2019ലെ ബഡ്ജറ്റിൽ ബത്തേരിയിൽ കോളേജ് അനുവദിച്ചത്. എന്നാൽ കോളേജി​ന് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ എം.എൽ.എ ഒരു തരത്തിലും ഇപെട്ടില്ലെന്ന് എസ്.എഫ്.ഐ ആരോപി​ച്ചു. കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്തു വരാൻ എംഎൽഎയുടെ സൗകര്യം കാത്തിരിക്കുകയാണെന്നും നിലമ്പൂരിലും ചൊക്ലിയിലും കോളേജ് ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി എന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി​. തുടർന്ന് താൽക്കാലികമായി കോളേജ് ആരംഭിക്കാൻ സ്ഥലം ചൂണ്ടിക്കാണിക്കുക മാത്രമാണ് എം.എൽ.എ ചെയ്തത്.
അഞ്ച് ഏക്കർ സ്ഥലമെങ്കിലും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയാൽ മാത്രമേ താൽക്കാലികമായെങ്കിലും കോളേജിന്റെ പ്രവർത്തനം തുടങ്ങാൻ അനുമതി ലഭിക്കുകയുള്ളു.ഉന്നത വിദ്യാഭ്യസ ഡെപ്യൂട്ടി ഡയറക്ടർക്ക് മുമ്പിൽ നിർദേശമായി സമർപ്പിച്ചു എന്ന് പറയുന്ന സ്ഥലങ്ങൾ വി​വി​ധ വകുപ്പുകൾക്ക് കീഴിലാണ്. അതേസമയം ജില്ലയിൽ അനുവദിച്ച മാനന്തവാടി റൂസ മോഡൽ കോളേജിനായുള്ള സ്ഥലമുൾപ്പെടെ മാനന്തവാടി എം.എൽ.എ യുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്.
ജില്ലയിൽ സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ ഏറ്റവും അതികം വിദ്യാർത്ഥികൾ പഠിക്കുന്ന ബത്തേരിയിൽ ബഡ്ജറ്റിൽ അനുവദിച്ച കോളേജ് യാഥാർത്യമാവാത്തതിൽ സർക്കാറിനെ പഴിചാരുകയാണ് എം.എൽ.എയെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.