കോഴിക്കോട്: കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നബാർഡ് ധനസഹായത്തോടെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രാഥമിക സർവിസ് സഹകരണ ബാങ്കുകളിൽ മൾട്ടി സർവിസ് സെന്റർ പദ്ധതി നടപ്പാക്കും.

ഇതു വഴി കാർഷികവിളകളുടെ സംഭരണ കേന്ദ്രം, ശീതീകരണ സംഭരണി, കാർഷിക സംസ്‌കരണ കേന്ദ്രങ്ങൾ, സോർട്ടിംഗ് ആൻഡ് ഗ്രേഡിംഗ് യൂണിറ്റുകൾ, റൈസ് മിൽ, കാർഷിക നഴ്‌സറി, സൂപ്പർ മാർക്കറ്റ്, നീതി സ്‌റ്റോർ, എൽ.പി.ജി ഏജൻസി, മെഡിക്കൽ ലാബുകൾ, പെട്രോൾ ബങ്കുകൾ തുടങ്ങിയ ബാങ്കിംഗ് ഇതര സർവിസുകൾ ആരംഭിക്കാം. സർവിസ് സഹകരണ ബാങ്കുകൾക്ക് ഇതിനായി വായ്പ ലഭ്യമാക്കും. പ്രാദേശിക ഉത്പാദനവും വിപണനവും ഉയർത്തുന്നതിലൂടെ നാടിന്റെ വികസനം സാദ്ധ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആദ്യഘട്ടത്തിൽ നബാർഡിന്റെ മാനദണ്ഡങ്ങൾ പ്രകാരം യോഗ്യതയുള്ള മുഴുവൻ പദ്ധതികളും നടപ്പാക്കും. ഓരോ പദ്ധതിക്കും ഏഴ് വർഷക്കാലാവധിയിൽ കുറഞ്ഞത് 50 ലക്ഷം രൂപ വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ പത്ത് ശതമാനം ബന്ധപ്പെട്ട ബാങ്കുകൾ വഹിക്കണം.

ഇതിനകം ജില്ലയിലെ 26 സർവിസ് സഹകരണ ബാങ്കുകൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ കരട് സമർപ്പിച്ചിട്ടുണ്ട്. പദ്ധതി നിർവഹണത്തിനു മുന്നോടിയായി സർവിസ് സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കുമായി കേരള ബാങ്ക് ജില്ലാ പാക്‌സ് ഡവലപ്‌മെന്റ് സെന്ററിന്റെയും നബാർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ ശിൽപ്പശാല ഒരുക്കി. നബാർഡ് ഡി.ഡി.എം മുഹമ്മദ് റിയാസ് പദ്ധതി വിശദീകരിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ടി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് കോഴിക്കോട് മേഖലാ ജനറൽ മാനേജർ കെ.പി.അജയകുമാർ, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എ.കെ.അഗസ്തി, കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർമാരായ എം.പി.ഷിബു, എൻ. നവനീത്കുമാർ, ഐ.കെ.വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.