കോഴിക്കോട്: ദളിത് വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ട് കട്ടിപ്പാറ, മൂടാടി പഞ്ചായത്തുകളിൽ നടപ്പാക്കിയ പദ്ധതികൾ മന്ത്രി എ.കെ ബാലൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് മിച്ചഭൂമിയിൽ നിർമ്മിച്ച സാംസ്‌കാരിക നിലയവും കുടിവെള്ള പദ്ധതിയുമാണ് ഉദ്ഘാടനം ചെയ്തത്. പട്ടികജാതി-വികസന വകുപ്പ് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.
ഇത്തരം വികസനങ്ങളിലൂടെ ദുർബല വിഭാഗത്തിന്റെ സുസ്ഥിര വികസനം നടപ്പാക്കാൻ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. 3,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സാംസ്‌കാരിക നിലയവും കുടിവെള്ള ക്ഷാമം പരിഹരിക്കാനായി രണ്ട് കിണറുകൾ നവീകരിച്ച് 10,000 ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് ടാങ്കും സ്ഥാപിച്ചു. 110 പട്ടികജാതി കുടുംബങ്ങൾക്ക് ഗാർഹിക കണക്ഷനുകളും 22 പൊതു ടാപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്.
സാംസ്‌കാരിക നിലയത്തിലേക്കുള്ള 40 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്യുകയും കോളനിയുടെ ഭാഗമായ ശ്മശാനത്തിലേക്ക് 110 മീറ്റർ നീളത്തിലുള്ള റോഡ് ടാറിംഗ് നടത്തി പൂർത്തികരിക്കുകയും ചെയ്തു. കാരാട്ട് റസാഖ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി.ഐ ശ്രീവിദ്യ റിപ്പോർട്ട് അവതരിപ്പിച്ചു.
കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.വി ലോഹിതാക്ഷൻ, എ.ടി ഹരിദാസൻ, നിർമ്മിതികേന്ദ്രം പ്രൊജക്ട് മാനേജർ കെ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.
മൂടാടി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ വലിയമല പട്ടികജാതി കോളനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൂടാടി ഗ്രാമപഞ്ചായത്ത് ഹാളിലാണ് പരിപാടി നടന്നത്. കെ ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി 62 ലക്ഷം രൂപ ചെലവിൽ 83 കുടുംബങ്ങൾക്ക് വ്യക്തിഗത വാട്ടർ കണക്ഷനുകൾ നൽകിയാണ് പദ്ധതി പൂർത്തീകരിച്ചത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ശോഭ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ പട്ടേരി, വൈസ് പ്രസിഡന്റ് ജീവാനന്ദൻ, തുടങ്ങിയവർ പങ്കെടുത്തു.