മുക്കം: ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടും ജനങ്ങൾക്കിടയിലെ ജാഗ്രതക്കുറവ് ആരോഗ്യ വകുപ്പിന് തലവേദനയാകുന്നു. രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവർ വിവരം മറച്ചുവയ്ക്കുന്നതാണ് പ്രതിസന്ധി. ഇവരുടെ കുടുംബാംഗങ്ങൾ പോലും ക്വാറന്റൈൻ നിർദേശം പാലിക്കാത്ത സ്ഥിതിയുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ച് ജോലി ചെയ്യിക്കുന്ന ചില സ്ഥാപനങ്ങൾ ഈ വിവരം പൊലീസിനോ ആരോഗ്യ പ്രവർത്തകർക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ കൈമാറാൻ തയ്യാറാകുന്നില്ല. അടുത്തിടെ 15 തൊഴിലാളികൾക്ക് രോഗം കണ്ടെത്തിയ ഒരു സ്ഥാപനത്തിന്റെ ഉടമയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് മുക്കം നഗരസഭ.
അഗസ്ത്യമുഴിയിലും വട്ടോളിപറമ്പിലുമായി പ്രവർത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളുടെ ഉടമ നഗരസഭ ആവശ്യപ്പെട്ടിട്ടും തൊഴിലാളികളുടെ യാർത്ഥ ലിസ്റ്റ് നൽകിയില്ലത്രെ. ഈ സ്ഥാപനങ്ങളിലൊന്നും രജിസ്റ്ററും ഹാജർ രേഖകളും സൂക്ഷിക്കുന്നില്ലെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി. 40 പേരുടെ ലിസ്റ്റാണ് ഇതിനകം നഗരസഭയ്ക്ക് കൈമാറിയത്. എന്നാൽ കുടുംബസമേതം താമസിക്കുന്നവരാണ് തൊഴിലാളികളിൽ പലരും. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി നഗരസഭ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ പി. പ്രശോഭ് കുമാർ പറഞ്ഞു.
മുക്കം നഗരസഭയുടെ പരിധിയിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ 52 പേർക്ക് രോഗബാധ കണ്ടെത്തി. പ്രധാന അങ്ങാടികളായ മുക്കം, അഗസ്ത്യൻ മുഴി എന്നിവ അടയ്ക്കുകയും ചെയ്തു. പരിശോധന ക്യാമ്പുകളും തുടരുകയാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മുക്കം സി.എച്ച്.സിയിൽ 370 പേരെ പരിശോധിച്ചു. ക്യാമ്പ് വെള്ളിയാഴ്ചയും തുടരും.