കോഴിക്കോട്: ഇലക്ട്രിക്കൽ, പ്ലംബിംഗ് കടകളിൽ മോഷണം പതിവാക്കിയ സംഘത്തിലുൾപ്പെട്ട മൂന്ന് പേർ കൂടി പിടിയിലായി.
പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കണ്ണൻ (40), തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ മുരുകൻ (30), മുരുകേശൻ (36) എന്നിവരെയാണ് ചേവായൂർ പൊലീസ് ഫറോക്കിൽ നിന്ന് പിടികൂടിയത്.
മീനൂട്ടി എന്ന മീനു (25) വിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുരുകനെയും മുരുകേശനെയും അറസ്റ്റ് ചെയ്തത്. സമാനമായ മോഷണങ്ങളിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ സംഘത്തിനെതിരെ 12 കേസുകൾ നിലവിലുണ്ട്.
മീനു പിടിയിലാകുമ്പോൾ ഒപ്പമുണ്ടായിരുന്ന കണ്ണൻ ഓടി രക്ഷപ്പെടുകയായിരുന്നു. ചാക്കിൽ കെട്ടിയ മോഷണവസ്തുക്കളുമായി കണ്ണനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് യുവതി പിടിയിലായത്. തിരൂരങ്ങാടി പടിക്കലിലെ കടയിൽ നിന്ന് മോഷ്ടിച്ചതായിരുന്നു അതത്രയും.
പന്തീരാങ്കാവിൽ പെരുമണ്ണ റോഡിലെ ഐ.ആർ.എസ് ആർക്കേഡിലെ ലെഗാമ എന്ന കടയിൽ ഇതിനിടെ മോഷണം നടന്നിരുന്നു. മോഷ്ടാക്കൾ ബൈക്കിൽ പോകുന്നത് സി.സി.ടി.വി കാമറയിൽ പതിഞ്ഞതിൽ നിന്നുള്ള സൂചന വെച്ചുള്ള അന്വേഷണത്തിലായിരുന്നു അറസ്റ്റ്.