കോഴിക്കോട്: വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ക്ലറിക്കൽ ജീവനക്കാരില്ലാത്തതിൽ പ്രതിഷേധിച്ച് യൂണിയനുകൾ കടുത്ത പ്രതിഷേധത്തിൽ. 17ന് കെ.ആർ.വി.എസ്.ഒയുടെ നേതൃത്വത്തിൽ സർക്കാരിനെതിരെ പ്രതിഷേധിച്ച് ഉച്ചഭക്ഷണം ഒഴിവാക്കും. ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം. ജനകീയ ഹോട്ടലിൽ ഉച്ചഭക്ഷണത്തിന് സർക്കാർ നിശ്ചയിച്ച തുകയായ 20 രൂപ വീതമാണ് ഓരോ ജീവനക്കാരനും നൽകുക.

ജീവനക്കാരുടെ എണ്ണം കുറവായതിനാൽ ജോലി സമയബന്ധിതമായി തീർക്കാൻ കഴിയുന്നില്ലെന്നും ഫ്രണ്ട് ഓഫീസ് സംവിധാനം ലഭ്യമാക്കാനാകുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു. സേവനങ്ങൾ ഓൺലൈനാക്കിയെങ്കിലും ഇതിനായി അക്ഷയകൾ തോറും കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ഇത് കാല താമസത്തിനും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നു.

വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ തസ്തിക ക്ലറിക്കൽ തസ്തികയിലേക്ക് ഉയർത്താനും സർക്കാർ തയ്യാറാകുന്നില്ല. ഇതിനായി മൂന്ന് വർഷം മുൻപ് തീരുമാനമെടുത്തിട്ടും ഉത്തരവ് ഇറക്കാൻ സർക്കാർ അലംബാവം തുടരുകയാണ്. ഇവരുടെ യോഗ്യത പത്താം ക്ലാസാണ്. ഇവരിൽ ഏറെയും പതിനഞ്ച് വർഷത്തിന് മുകളിൽ സർവീസ് ഉള്ളവരാണ്. യു.ഡി ക്ലർക്കിന് തുല്യമായ ശമ്പളവും വാങ്ങുന്നുണ്ട്. അതിനാൽ തസ്തിക ഉയർത്തിയാൽ സർക്കാരിന് നഷ്ടമില്ലെന്നാണ് വാദം.