crimebranch

കോഴിക്കോട്: കഴിഞ്ഞ വർഷം ആഗസ്റ്റ് 29ന് കൊയിലാണ്ടിക്ക് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം രണ്ട് സ്ത്രീകളിലേക്ക് നീങ്ങുന്നു. ടൂത്ത് ടാക്‌സ് കൺസൾട്ടന്റായിരുന്ന ഫറോക്ക് സ്വദേശി ജംഷീദിന്റെ (29) മരണം ട്രെയിൻ തട്ടിയുള്ള ആത്മഹത്യയെന്നായിരുന്നു ലോക്കൽ പൊലീസിന്റെ തീർപ്പ്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ജംഷീദിനെ അതിലേക്ക് തള്ളിവിട്ടത് രണ്ട് യുവതികളാണെന്ന് കണ്ടെത്തി. ഇരുവരുമായുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള പ്രശ്നമാണ് ജംഷീദിന്റെ മരണകാരണമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. വൈകാതെ അറസ്റ്റുമുണ്ടാകും.

മികച്ച വരുമാനമുണ്ടായിരുന്ന ജംഷീദിന് പ്രത്യേകിച്ച് സാമ്പത്തിക ബാദ്ധ്യതയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ,​ മരണശേഷം ഇയാൾക്ക് ലക്ഷങ്ങളുടെ കടബാദ്ധ്യതയുണ്ടെന്ന് വീട്ടുകാർ അറിഞ്ഞു. ഇത് പിന്നീട് രക്ഷിതാക്കളാണ് വീട്ടിയത്.

 വഴിത്തിരിവായ അന്വേഷണം

ജംഷീദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് വീട്ടുകാർ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മാതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ഇതേത്തുടർന്നാണ് ക്രൈംബ്രാഞ്ചിനോട് കേസ് പുനഃരന്വേഷിക്കാൻ ഡി.ജി.പി നിർദ്ദേശിച്ചത്. കൂടത്തായി കൊലപാതക പരമ്പര പുറത്തുകൊണ്ടു വരുന്നതിൽ നിർണായക പങ്ക് വഹിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് രണ്ട് യുവതികളുടെ പങ്ക് വ്യക്തമായത്. ജംഷീദിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഇവരുമായി നിരന്തരം സംസാരിച്ചിരുന്നതായും കണ്ടെത്തി. തുടർന്ന് ജംഷീദിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ യുവതികളുടെ അക്കൗണ്ടിലേക്ക് ഏതാനും മാസങ്ങൾക്കിടയിൽ 15 ലക്ഷം രൂപ മാറിയെന്നും കണ്ടെത്തി. ജംഷീദിന്റെ കൈയിൽ വ്യാപാരികൾ പതിവായി ജി.എസ്.ടി തുക അടയ്‌ക്കാൻ നൽകിയിരുന്നു. ഈ പണം യുവതികൾക്ക് കൈമാറിയെന്നാണ് കരുതുന്നത്. സ്വദേശമായ കൊല്ലത്തേക്ക് പോയ ഡിവൈ.എസ്.പി ഹരിദാസ് ശനിയാഴ്ച മടങ്ങിയെത്തുന്നതിന് പിന്നാലെ അറസ്റ്റുണ്ടായേക്കും.