fish

കോഴിക്കോട് : ട്രോളിംഗ് പുനരാരംഭിച്ചിട്ടും രക്ഷയായില്ല മത്സ്യമേഖലയ്ക്ക്. മത്സ്യബന്ധന തൊഴിലാളികളെന്ന പോലെ സൈക്കിളിലും ഇരുചക്രവാഹനങ്ങളിലും മറ്റുമായി മീൻ വില്പന നടത്തുന്നവർക്കും ദുരിതം ഒഴിവാവുന്നില്ല.

വിലയിൽ പ്രകടമായ മാറ്റം കണ്ടു തുടങ്ങിയെങ്കിലും അതിന്റെ മെച്ചം മത്സ്യത്തൊഴിലാളിക്ക് കിട്ടുന്നില്ലെന്ന അവസ്ഥയാണ്.
കണ്ടെയ്ൻമെന്റ് സോണുകളുടെ വ്യാപ്തി ഏറുന്നത് ചില്ലറ വില്പനക്കാർക്ക് വലിയ തിരിച്ചടിയായി. ഹാർബറിൽ പൊതുവെ വില്പന കുറഞ്ഞിട്ടുണ്ട്. കയറ്റുമതിയും ഏതാണ്ട് നിലച്ചിരിക്കുകയാണ്.

കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതും ഹാർബറുകൾ കേന്ദ്രീകരിച്ച് കൊവിഡ് വ്യാപനം കൂടിയതും ആളുകളെ ഗണ്യമായി ഇവിടങ്ങളിൽ നിന്ന് അകറ്റിയിട്ടുണ്ട്. മാർക്കറ്റുകളുടെ സ്ഥിതിയും മറ്റൊന്നല്ല. ചുരുക്കത്തിൽ നൂറു കണക്കിന് തൊഴിലാളികളുടെ ഉപജീവനമാണ് മുടങ്ങിയത്.
വറുതിയുടെ ട്രോളിംഗ് ഘട്ടം പിന്നിടുന്നതോടെ നല്ല നാളുകൾ വരുമെന്ന മത്സ്യബന്ധനക്കാരുടെ പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു. നിയന്ത്രണങ്ങളും നിരോധനങ്ങളും താണ്ടിയാലും രക്ഷയില്ലെന്ന നിലയാണ് മിക്കയിടത്തും.
മീൻ വില അതിനിടയ്ക്ക് വീണ്ടും കുത്തനെ കൂടുകയാണ്. നഗരത്തിൽ മത്തിയ്ക്ക് 200 രൂപയിലേറെയും അയലയ്ക്ക് 300 രൂപ വരെയുമാണ് വില. ഉൾഗ്രാമങ്ങളിലും മലയോര മേഖലയിലുമെത്തുമ്പോഴേക്കും നിരക്ക് പിന്നെയും ഉയരുകയാണ്.
അയല, മത്തി തുടങ്ങിയവയ്ക്ക് പുറമെ ചെറിയ ഇനം ചെമ്മീനിനടക്കം വൻ വിലയുണ്ട്.
വില്പനയ്ക്കെത്തുന്ന മീൻ ദിവസങ്ങളോളം പഴക്കമുള്ളതാണെന്ന ആരോപണവും അതിനിടയ്ക്ക് വ്യാപകമാണ്. നിലവിലെ ക്ഷാമം മുതലെടുത്ത് വലിയ വിലയ്ക്ക് പഴകിയ മീൻ വിറ്റഴിക്കുന്നുണ്ട്. കൊവിഡ് ലോക്ക് ഡൗണിന്റെ തുടക്കക്കാലത്ത് കണ്ടിരുന്ന മട്ടിൽ ഇപ്പോൾ പ്രത്യേകിച്ച് പരിശോധനയൊന്നുമില്ല.


 മീൻ വില (ചില്ലറ വില്പന)

മത്തി 200 - 240

അയല 250 - 300

ചെമ്മീൻ 300 - 400

കിളിമീൻ 250 - 300

മാന്ത 250 - 300

നത്തോലി 180 - 200