കോഴിക്കോട്: ലൈഫ് മിഷൻ കരാറിന്റെ ഭാഗമായി സ്വപ്‌ന സുരേഷ് ഗൾഫിലെത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സ്വർണക്കടത്തുകാരിയെ ഒപ്പം കൂട്ടിയതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും കൂടെയുള്ള സ്വപ്‌നയുടെ വിദേശസഞ്ചാരം എന്തടിസ്ഥാനത്തിലാണ് ?. വടക്കാഞ്ചേരിയിലെ ലൈഫ് പ്രോജക്ടിൽ ഒരു കോടി രൂപ കൈക്കൂലി നൽകിയെന്ന് കരാറുകാരൻ സമ്മതിക്കുന്നുണ്ട്. മുഖ്യമന്ത്രി ചെയർമാനായുള്ള പ്രോജക്ടിൽ എങ്ങനെ കൈക്കൂലി നൽകാനാവും?.
സർക്കാരിന്റെ ചീഫ് പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസും എൻ.ഐ.എ യും നോട്ടീസയച്ചതോടെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തം കൂടുതൽ വ്യക്തമാവുകയാണ്. 2018 ൽ ബി.ജെ.പി തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ പരാതിയെത്തുടർന്ന് മാറ്റിനിറുത്തപ്പെട്ട പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ ഹഖിനെ ചീഫ് ജോയിന്റ് പ്രോട്ടോക്കോൾ ഓഫീസറായി നിയമിച്ചത് മുഖ്യമന്ത്രിയാണ്. ഇതോടെ,,സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്കും വ്യക്തമായി.ചീഫ് പ്രോട്ടോക്കോൾ ഓഫീസർ സുനിൽകുമാറിന് പകരം ഷൈനാണ് യു.എ.ഇയിൽ നിന്നുള്ള പാഴ്‌സലിന്റെ കസ്റ്റംസ് ക്ലിയറൻസിൽ ഒപ്പുവച്ചത്.
വാട്‌സ് ആപ്പിലൂടെ നയതന്ത്ര ബന്ധമുണ്ടാക്കിയ മന്ത്രി കെ.ടി.ജലീൽ രാജ്യത്തിന്റെ നിയമം ലംഘിച്ചെന്നും, . സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ ജലീലിന് അവകാശമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു