കോഴിക്കോട്: ഒന്നുകിൽ ഇന്റർനെറ്റ് തന്നെ വില്ലനാവും. അതല്ലെങ്കിൽ സെർവർ പ്രശ്നം. മുട്ടിയും മുടന്തിയുമുള്ള റേഷൻ വിതരണത്തിൽ വേവുകയാണ് വ്യാപാരികൾ.
പലപ്പോഴും ഇ പോസ് മെഷീൻ കനിഞ്ഞ് ഒരാൾക്ക് ബില്ല് അടിച്ചുവിടാൻ ശരാശരി 20 മിനുട്ട് വരെ വേണ്ടിവരുന്നു. അപ്പോഴേക്കും സാമൂഹിക അകലത്തിന്റെ കാര്യമെല്ലാം മറന്ന്, ക്ഷമ കെട്ട് കാർഡുടമകളുടെ കൂട്ടമായിട്ടുണ്ടാവും കടയ്ക്ക് മുന്നിൽ. നിരന്തരം പഴിയും പരിഭവങ്ങളും കേൾക്കേണ്ടി വരുന്ന ഈ ഗതികേടിനു അറുതി വരുത്താൻ പെട്ടെന്ന് നടപടിയുണ്ടാവുന്നില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനാണ് റേഷൻ വ്യാപാരി സംഘടനകളുടെ തീരുമാനം.
കൊവിഡ് വ്യാപനത്തിനും വെള്ളപ്പൊക്കത്തിനുമെല്ലാമിടയിൽ വന്നെത്തുന്ന ഉപഭോക്താക്കൾക്ക് മണിക്കൂറുകൾ കാത്തു കഴിയേണ്ടി വരുന്ന അവസ്ഥയും അപൂർവമല്ല. പലയിടത്തും നെറ്റ് വഴുതിമാറുന്നതോടെ ഇ പോസ് മെഷീൻ നിർവീര്യമാവും. സെർവർ തകരാർ നീളാനിടയായാലും ബില്ലിംഗ് മുടങ്ങും. രണ്ടു മൂന്ന് മാസങ്ങളായി ഈ സ്ഥിതിയുണ്ട്.
നിലവിലെ സിം കാർഡ് മാറ്റി നെറ്റ് വർക്ക് സിഗ്നൽ ലഭിക്കുന്ന ഏതെങ്കിലും കമ്പനിയുടെ ഫോർ ജി സിം കാർഡ് ലഭിച്ചാൽ തന്നെ വലിയൊരു പരിധി വരെ പരിഹാരമാവുമെന്ന് വ്യാപാരികൾ പറയുന്നു. സിഗ്നൽ കുറവുള്ള സ്ഥലങ്ങളിൽ ബ്രോഡ്ബാൻഡ് കണക്‌ഷനോ, ഒപ്‌ടിക്കൽ ഫൈബർ കേബിൾ വഴിയുള്ള നെറ്റ് കണക്‌ഷനോ ഉറപ്പാക്കണം. ഇപ്പോൾ മിക്ക വ്യാപാരികളും വൈ ഫൈ കണക്ട് ചെയ്താണ് ഇ പോസ് മെഷീൻ പ്രവർത്തനക്ഷമമാക്കുന്നത്.
ഓണമടുക്കുമ്പോഴേക്ക് സാധാരണ റേഷനു പുറമെ ഓണക്കിറ്റും സ്പെഷൽ അരിയുംകേന്ദ്ര വിഹിതമായുള്ള ധാന്യങ്ങളും വിതരണം ചെയ്യുന്നതിന്റെ തിരക്ക് ഏറുമ്പോൾ നെറ്റ് മുടങ്ങിയാൽ പൊല്ലാപ്പ് കുറച്ചൊന്നുമാവില്ലല്ലോ എന്നും ചോദ്യമുയർത്തുകയാണ് വ്യാപാരികൾ.
19ന് സൂചനാ സമരം
പ്രശ്ന പരിഹാരത്തിന് നീക്കമുണ്ടായില്ലെങ്കിൽ സംയുക്തമായി സമരത്തിനിറങ്ങുമെന്ന് സംയുക്ത സമിതി നേതാക്കളായ അഡ്വ.ജോണി നെല്ലൂർ, കാടാമ്പുഴ മൂസ്സ, ടി.മുഹമ്മദാലി, അഡ്വ.സുരേന്ദ്രൻ, ഇ.അബൂബക്കർ ഹാജി എന്നിവർ അറിയിച്ചു. 19 ന് സൂചനാ കടയടപ്പ് സമരം നടത്തും.