teacher

കോഴിക്കോട്: സംസ്ഥാനത്തെ എയ്ഡഡ് പോളിടെക്നിക് കോളേജുകളിലെ നോൺ-എൻജിനിയറിംഗ് അദ്ധ്യാപകർക്ക്‌ പ്രമോഷനും ഉയർന്ന ശമ്പളവും ക്രമവിരുദ്ധമായി നൽകുന്നതായി ആക്ഷേപം. ഉയർന്ന യോഗ്യത, പ്രവൃത്തി പരിചയം, സി.എ.എസ് (കരിയർ അഡ്വാൻസ്‌മെന്റ് സ്കീം) എന്നിവയുടെ അടിസ്ഥാനത്തിൽ നൽകേണ്ട പ്രമോഷനും ശമ്പളവുമാണ് പി.ജി യോഗ്യത മാത്രമുള്ള ജീവനക്കാർക്ക് നൽകുന്നത് . കഴിഞ്ഞ മാസം തൊട്ടാണ് പുതുക്കിയ ശമ്പളവും 2013 ജൂലായ് മുതലുള്ള കുടിശികയും (30 ലക്ഷം മുതൽ 40 ലക്ഷം വരെ) നൽകി വരുന്നത്. എൻജിനിയറിംഗ് വിഭാഗത്തിൽ ബി.ടെക്കുകാരായ അദ്ധ്യാപകർക്ക് ലക്ചറർ, സീനിയർ ലക്ചറർ, സെലക്ഷൻ ഗ്രേഡ് ലക്ചറർ, ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ്, പ്രിൻസിപ്പാൾ എന്നീ തസ്തികകളിലേക്ക് ഉയരണമെങ്കിൽ എ.ഐ.സി.ടി.ഇ (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ) നിഷ്കർഷിക്കുന്ന അധിക യോഗ്യത ഉണ്ടായിരിക്കണം. നിലവിൽ എച്ച്.ഒ.ഡി , പ്രിൻസിപ്പാൾ തസ്തികകളിൽ തുടരുന്നവർക്ക് എം.ടെക്ക് നിർബന്ധമാണ്. ഇത്തരം വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് എ.ഐ.സി.ടി.ഇ ഇവർക്ക് ശമ്പളം നൽകുന്നത് . എന്നാൽ പിജി യോഗ്യതയുടെ അടിസ്ഥാനത്തിൽ എത്തുന്ന നോൺ എൻജിനിയറിംഗ് അദ്ധ്യാപകരെ പ്രവൃത്തി പരിചയവും ഉയർന്ന യോഗ്യതയും സി.എ.എസ് ഗ്രേഡുകളും ഇല്ലാതെയാണ് എ.ഐ.സി.ടി.ഇയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത് . 2013 ജൂലായ് മുതൽ എൻജിനിയറിംഗ് ലക്ചറേഴ്സ്, എച്ച്.ഒ.ഡി, പ്രിൻസിപ്പാൾ എന്നിവർക്ക് കിട്ടാത്ത ആനുകൂല്യമാണ് നോൺ എൻജീനിയറിംഗ് അദ്ധ്യാപകർക്ക് ലഭിക്കുന്നത് . സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് , മാത്‌സ് ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പി.ജിയും നെറ്റുമുളള അദ്ധ്യാപകരാണ് ഓപ്ഷനിലൂടെ സർക്കാർ പോളിടെക്നിക്കുകളിൽ നോൺ എൻജിനിയറിംഗ് അദ്ധ്യാപകരാകുന്നത്. എന്നാൽ എയ്ഡഡ് പോളിടെക്നിക്കുകളിൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല.