കോഴിക്കോട്: ഓണത്തിനു മുമ്പായി ജില്ലയിൽ ഹോർട്ടികോർപ് 5 സ്റ്റാളുകൾ തുറക്കും. കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്നതോടൊപ്പം, ഉപഭോക്താക്കൾക്ക് മിതമായ വിലയിൽ പച്ചക്കറി ലഭ്യമാക്കുകയാണ് ലക്ഷ്യം.
കോഴിക്കോട് കോർപ്പറേഷനിൽ ചേവരമ്പലം, നരിക്കുനി, പേരാമ്പ്ര, വില്ല്യാപ്പള്ളി, ആയഞ്ചേരി പഞ്ചായത്തിലെ തണ്ണീർപന്തൽ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റാളുകൾ തുറക്കുന്നത്.
ഇപ്പോൾ വേങ്ങേരി, കക്കോടി, അത്തോളി, എലത്തൂർ, കൊയിലാണ്ടി, തോടന്നൂർ, മൊകേരി എന്നിവിടങ്ങളിലാണ് സ്റ്റാളുള്ളത്.
കാസർകോട് മുതൽ പാലക്കാട് ജില്ല വരെയുള്ള കർഷരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികളാണ് ജില്ലയിൽ പ്രധാനമായും വിറ്റഴിക്കുന്നത്. ഇടുക്കി, മൂന്നാർ മേഖലയിലെ വട്ടവട, കാന്തല്ലൂർ പഞ്ചായത്തുകളിൽ നിന്ന് സംഭരിക്കുന്ന ശീതകാല പച്ചക്കറികളായ കാരറ്റ്, കാബേജ്, ബീൻസ്, ഉരുളകിഴങ്ങ് എന്നിവയും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ടെന്ന് ഹോർട്ടികോർപ് കോഴിക്കോട് റീജിണൽ മാനേജർ ടി.ആർ ഷാജി അറിയിച്ചു.