കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച സംസ്ഥാന ഭാഗ്യക്കുറിക്ക് നല്ലകാലം തെളിയുന്നു. ജൂലായ് രണ്ടാംവാരത്തിൽ 48 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചതെങ്കിൽ ഇപ്പോഴത് 60 ലക്ഷമാക്കി. അച്ചടിച്ച ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയെന്നതാണ് ലോട്ടറി മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നത്. കൊവിഡ് വ്യാപനം ഭീഷണി ഉയർത്തിയില്ലെങ്കിൽ അച്ചടി മൂന്ന് ലക്ഷമാക്കാനാണ് തീരുമാനം.
ശാരീരിക വെല്ലുവിളികൾ നേരിടുന്നവരാണ് ലോട്ടറി വിൽപ്പനക്കാരിൽ ഏറെയും. വെൽഫെയർ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തവർ മാത്രം 75,000 പേരുണ്ട്. പ്രത്യേക സീസണിൽ വിൽപ്പനയ്ക്ക് ഇറങ്ങുന്നവരെ കൂടി ചേർത്താൽ ലോട്ടറിയെ ആശ്രയിച്ച് ജീവിക്കുന്നവർ സംസ്ഥാനത്ത് ഒന്നര ലക്ഷം പേർ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
കൊവിഡ് വ്യാപനത്തിന് മുമ്പ് സംസ്ഥാനത്ത് ആഴ്ചയിൽ ഏഴ് ദിവസവും ലോട്ടറി നറുക്കെടുപ്പ് നടന്നിരുന്നു. ലോക്ക് ഡൗൺ വന്നതോടെ താളം തെറ്റി. ജൂൺ മാസത്തോടെയാണ് വീണ്ടും സജീവമായത്. ജൂലായ് മാസം മുതൽ ആഴ്ചയിൽ അഞ്ച് ദിവസം നറുക്കെടുപ്പ് നടത്താൻ തീരുമാനിച്ചെങ്കിലും കൊവിഡ് വ്യാപനം ശക്തിപ്പെട്ടതോടെ മൂന്ന് ദിവസമായി ചുരുക്കി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങൾ നറുക്കെടുപ്പിനായി നിശ്ചയിച്ചു. ചില ആഴ്ചകളിൽ ഇതിൽ മാറ്റം വരുത്താറുണ്ട്.
ജി.എസ്.ടി വന്നതോടെ 28 ശതമാനമാണ് ലോട്ടറി നികുതി. ഇതിൽ സംസ്ഥാന വിഹിതം ഒഴിവാക്കിയിട്ടുണ്ട്.
ഇടക്കാല ആശ്വാസം
കൊവിഡ് വ്യാപനത്തിന് നേരിയ കുറവ് വന്നതോടെ ലോട്ടറി വിൽപ്പന പുനരാരംഭിച്ചപ്പോൾ ക്ഷേമനിധി അംഗങ്ങൾക്ക് 3500 രൂപയുടെ ആനുകൂല്യം നൽകിയിരുന്നു. പെൻഷൻകാർക്ക് രണ്ടായിരം രൂപയായിരുന്നു. ഓണം ബോണസിൽ നിന്ന് ഇത് പിടിക്കാമെന്നായിരുന്നു ഉദ്ദേശം. എന്നാൽ കൊവിഡിന് അയവില്ലാത്തതിനാൽ തത്കാലം ആനുകൂല്യത്തിൽ കുറവ് വരുത്തരുതെന്നും ബോണസ് 10,000 തരണമെന്നും യൂണിയനുകൾ ആവശ്യപ്പെടുന്നു. പ്രളയകാലത്ത് 6000 രൂപ വീതം ഓണക്കാല ബോണസ് കൊടുത്തിരുന്നു.
'വിൽപ്പനക്കാരുടെ കമ്മീഷൻ തുകയിൽ ജി.എസ്.ടിയും പ്രശ്നമാണ് ' - സി.പി.രവി, സംസ്ഥാന വൈസ് പ്രസിഡന്റ്, സ്റ്റേറ്റ് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ.