പേരാമ്പ്ര: പേരാമ്പ്രയിൽ 12 പേർക്ക് കൂടി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ ആർ.ടി.പി.സി.ആർ പരിശോധന ഫലമാണ് പുറത്തു വന്നത്. ഇതിലൊരാൾ ആരോഗ്യ പ്രവർത്തകയാണ്. 86 പേർക്ക് ആന്റിജൻ പരിശോധന നടത്തിയതിൽ എല്ലാവർക്കും നെഗറ്റീവ് ആയിരുന്നു. അന്ന് തന്നെ നടത്തിയ പി.സി.ആർ ഫലമാണിത്. നാലു പേർ പേരാമ്പ്ര രണ്ടാം വാർഡിൽ ഒരേ വീട്ടിലുള്ളവരാണ്. 80 വയസുള്ള പുരുഷൻ, 67 വയസുള്ള സ്ത്രീ, 47,44 വയസുകളുള്ള പുരുഷന്മാർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലു പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.
പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാരിയും സ്വകാര്യ ആശുപത്രിയിൽ രോഗിയോടൊപ്പം കൂട്ടിരുന്നയാളും അടക്കം 6 പേർ ചെറുവണ്ണൂർ പഞ്ചായത്തുകാരാണ്. മറ്റ് രണ്ട് പേർ ചക്കിട്ടപാറ സ്വദേശികളും. കണ്ടയിൻമെന്റ് സോണായിരുന്ന പേരാമ്പ്ര പട്ടണത്തിൽ സമ്പർക്ക സാദ്ധ്യതയുള്ള 86 പേരും ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയതിന്റെ ആശ്വാസത്തിലായിരുന്നു ജനം. ഇതേ തുടർന്ന് ദിവസങ്ങളായി അടച്ചിട്ടിരുന്ന പേരാമ്പ്ര പട്ടണത്തിലെ കടകളെല്ലാം തുറന്നിരുന്നു. രോഗം സ്ഥിരീകരിച്ച എല്ലാ സ്ഥലങ്ങളിലും തദ്ദേശ സ്വയംഭരണ അധികൃതരും ആരോഗ്യ വകുപ്പും തുടർ നടപടികൾ സ്വീകരിക്കുന്നുണ്ട്.