പേരാമ്പ്ര: ചക്കിട്ടപാറയിലെ പൊതു സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രാഥമിക സമ്പർക്കമുള്ള 300 പേർക്ക് ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഫലം നെഗറ്റീവ്. ഇതോടെ ആശങ്കക്ക് ശമനമായി. രോഗ വ്യാപനം തടയാൻ ലക്ഷ്യമിട്ട് പഞ്ചായത്തിലെ പൊതു സ്ഥാപനങ്ങളെല്ലാം അടച്ചിരിക്കുകയാണ്.
മൃഗാശുപത്രിയും മാവേലി സ്റ്റോറും ചെമ്പ്രയിലെ റേഷൻ കടയുമാണ് അടച്ചത്. കൊവിഡ് ബാധിതൻ എത്തിയെന്ന സംശയത്തിൽ പഞ്ചായത്ത് ഓഫീസും അടച്ചിട്ടുണ്ട്. ഇവിടെ സന്ദർശിച്ചവർ സ്വയം ക്വാറന്റൈനിൽ പോകണമെന്നും ലക്ഷങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അടുത്ത ദിവസവും സമ്പർക്കമുള്ള മറ്റുള്ളവർക്കായി ടെസ്റ്റ് നടത്തും. പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങളായി അടച്ചിട്ട ചക്കിട്ടപാറ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അണുനശീകരണം നടത്തിയിട്ടുണ്ട്.