കോഴിക്കോട്: ടെസ്റ്റിംഗ് - ട്രേസിംഗ്- ക്വാറന്റൈൻ - ട്രീറ്റ്‌മെന്റ് (ടി.ടി.ക്യു.ടി) എന്നിവയിൽ ഊന്നൽ നൽകി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച കൊവിഡ് പ്രതിരോധ സംവിധാനം ഫലം കാണുന്നു. വിപുലമായ ടെസ്റ്റിംഗിലൂടെ രോഗബാധ ഉള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതാണ് ആദ്യഘട്ടം. വിശദമായ കോൺടാക്ട് ട്രേസിംഗിലൂടെ അവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് രണ്ടാം ഘട്ടം. സമ്പർക്കത്തിൽ ഉൾപ്പെടുന്നവരെ ക്വാറന്റൈനിലാക്കി ടെലിമെഡിസിൻ വഴി ആവശ്യമായ നിർദേശം നൽകും. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശത്ത് ക്ലസ്റ്റർ കെയർ ഒരുക്കും. ഇത്തരം സ്ഥലങ്ങളിൽ അതീവ ജാഗ്രതയോടെയുള്ള നടപടികളാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നത്.

ലാർജ് ക്ലസ്റ്ററുകളായ ഒളവണ്ണ, വടകര, നാദാപുരം, ഏറാമല എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞു. ഒളവണ്ണയിൽ 90 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 23 പേരാണ് ചികിത്സയിലുള്ളത്. വടകരയിൽ 78 രോഗികളിൽ 9 പേരും നാദാപുരത്ത് 66 പേരിൽ 8 പേരും ഏറാമലയിൽ 61 പേരിൽ 13 പേരുമാണ് ചികിത്സയിലുള്ളത്. മുമ്പ് ലാർജ് ക്ലസ്റ്ററായിരുന്ന തൂണേരിയിൽ മുഴുവൻ പേർക്കും രോഗം ഭേദമായിരുന്നു. ക്ലസ്റ്ററുകളിൽ വീടുകൾ കേന്ദ്രീകരിച്ച് കൂടുതൽ പേരെ ടെസ്റ്റിന് വിധേയമാക്കി. കൂടുതൽ മേഖലകളിലേക്ക് രോഗം വ്യാപിക്കാതിരിക്കാൻ സമ്പർക്ക പട്ടിക സസൂക്ഷ്മം നിരീക്ഷിച്ച് ആളുകളെ നിയന്ത്രണത്തിലാക്കുകയാണ് ചെയ്യുന്നത്. സ്വകാര്യ മേഖലയെ കൂടി ഉൾപെടുത്തി ടെസ്റ്റിംഗ് വിപുലമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവർക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിക്ക് പുറമേ ബീച്ച് ജനറൽ ആശുപത്രിയും കൊവിഡ് ആശുപത്രിയാക്കി മാറ്റി.