കോഴിക്കോട്: തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നഗരത്തിലെ സ്വർണാഭരണ മൊത്ത വില്പനശാലയിൽ കസ്റ്റംസ് പ്രിവന്റിവ് വിഭാഗം നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 3. 820 കിലോഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു.
പാളയം എം.എം. അലി റോഡിൽ സി.പി.ബസാറിലെ മറീന ഗോൾഡിലായിരുന്നു കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ എൻ.എസ്. ദേവിന്റെ നേതൃത്വത്തിലുള്ള പരിശോധന. കണ്ടെടുത്ത സ്വർണത്തിന് 1. 89 കോടി രൂപ വില കണക്കാക്കുന്നു.ഇന്നലെ രാവിലെ 10. 15ന് ആരംഭിച്ച റെയ്ഡ് വൈകിട്ട് നാലു മണി വരെ നീണ്ടു. ഗോവിന്ദപുരത്തുള്ള ഇവരുടെ ആഭരണ നിർമ്മാണ യൂണിറ്റിലും പരിശോധന നടത്തിയെങ്കിലും ഒന്നും പിടിച്ചെടുത്തിട്ടില്ല. ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.സ്വർണക്കടത്ത് കേസ്സിൽ പ്രതികളെ ചോദ്യം ചെയ്തതിനിടെ കസ്റ്റംസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജുവലറികളിലെ റെയ്ഡ്.