കുറ്റ്യാടി: പഞ്ചായത്ത് പ്രസിഡന്റ് നിർബന്ധിത അവധിയിൽ പ്രവേശിച്ചതോടെ ഉണ്ടായ ഭരണസ്തംഭനം ഒഴിവാക്കാൻ നടപടി വേണമെന്ന് സി.പി.ഐ വേളം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സമ്പൂർണ അടച്ചുപൂട്ടൽ ദിവസം എസ്.ഡി.പി.ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ശുചീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മുസ്ലീം ലീഗ് അച്ചടക്ക നടപടി സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുള്ളയെ നിർബന്ധിത അവധിയിലാക്കിയത്.
നാട് കൊവിഡ് ഭീതിയിലും മഴക്കെടുതിയിലും കഴിയുമ്പോൾ ലീഗിലെ ഗ്രൂപ്പ് പോര് കാരണം ജനങ്ങളുടെ പ്രയാസം കൂടിയെന്നാണ് ആരോപണം. വേളത്തെ പ്രാഥമിക ചികിത്സാ കേന്ദ്രം പൂർണ്ണമായി സജ്ജമായിട്ടില്ല. കനത്ത മഴയിൽ വെള്ളം കയറി കുടുംബങ്ങൾ വീടൊഴിയേണ്ടി വന്നു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട പ്രസിഡന്റിന് മേഖലകൾ സന്ദർശിക്കാനുമായില്ല. ലീഗിലെ ഗ്രൂപ്പ് വഴക്കിൽ ജനത്തെ ബലിയാടാക്കരുതെന്നും ഭരണസ്തംഭനം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും സി.പി.ഐ ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പി.കെ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ, ലോക്കൽ സെക്രട്ടറി സി. രാജീവൻ, സി.കെ ബാബു, കെ. സത്യൻ, ടി. സുരേഷ് എന്നിവർ സംസാരിച്ചു.