കൂട്ടാലിട: കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോടുമലയുടെ താഴ്‌വാരങ്ങളായ മൂലാട്, നരയംകുളം, അവിട നല്ലൂർ, കോട്ടൂർ ഭാഗങ്ങളിലെ കാർഷിക വിളകൾ പന്നികൾ നശിപ്പിക്കുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മൂലാട് ചെറിയ പാറപ്പിലാക്കൂൽ സി.പി സജീവൻ, കോട്ടൂർ കന്നിക്കാട്ടിൽ കൃഷ്ണദാസ്, അവിടനല്ലൂർ വിശ്വനാഥൻ എന്നിവരുടെ കൃഷിയിടത്തിലെ കപ്പ, വാഴ, തെങ്ങിൻ തൈകൾ, ചേമ്പ്, ചേന തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്.
കൊവിഡ് കാലത്ത് വറുതിയും ക്ഷാമവും കണക്കിലെടുത്ത് ധാരാളം യുവതീ യുവാക്കൾ പുതുതായി കൃഷിയിലേക്ക് ഇറങ്ങിയിരുന്നു. വന്യമൃഗ ആക്രമണം ഇവരെയും നിരാശരാക്കുകയാണ്. തൊഴിലുറപ്പു പദ്ധതികളിലൂടെയും ബാങ്ക് ലോൺ എടുത്തും ചെയ്ത കൃഷികൾ വന്യ ജീവികൾ നശിപ്പിക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുന്നു. കോട്ടൂർ കർഷകൻ വാട്ട്‌സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷിഓഫീസർക്കും കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റിനും നിവേദനം നൽകി.