delhi

കോഴിക്കോട്: ഒന്നര പതിറ്റാണ്ടിനപ്പുറത്ത് സാമ്രാജ്യത്വത്തിനെതിരെ തീഗോളമെന്നോണം ഉയർന്നുവന്ന ഐതിഹാസിക പോരാട്ടം; ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 1857 -ലെ ശിപായി ലഹളയുടെ മിടിപ്പുകളും ദൃശ്യങ്ങളും തെളിഞ്ഞുകാണുകയാണ് 'ഡൽഹി ക്രോണിക്കിളി"ന്റെ ഒന്നാം പുറത്ത്. മീററ്റിലെ പട്ടാള ശിപായിമാർ കലാപത്തിന് തിരികൊളുത്തിയത് 1857 മേയ് 10നായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തെ പിടിച്ചുകുലുക്കിയ ആ കലാപത്തിന്റെ നേർകാഴ്ച ഇവിടെ സാങ്കല്പിക പത്രത്തിലൂടെ പുന:സൃഷ്ടിച്ചിരിക്കുകയാണ് മലബാർ ക്രിസ്ത്യൻ കോളേജിലെ എം.എ ഹിസ്റ്ററി മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനി ജിനിഷ. ടാബ്ളോയ്‌ഡ് രൂപത്തിൽ 'ഡൽഹി ക്രോണിക്കിൾ" തയ്യാറാക്കിയത് ഹിസ്റ്ററി അസോസിയേറ്റ് പ്രൊഫസർ എം.സി.വസിഷ്ഠിന്റെ മേൽനോട്ടത്തിലാണ്. കലാപവേളയിൽ ഒരു ഇംഗ്ളീഷ് പത്രമുണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കും അത് ഇറങ്ങിയിരിക്കുക എന്ന് ഈ ഏടുകളിലൂടെ കാണിക്കുകയാണ്. ചരിത്രവസ്തുതകൾ ചേർത്ത് വെച്ചാണ് വാർത്തകളുടെ ഉള്ളടക്കം. 'ആജ് തക് " ഹിന്ദി ന്യൂസ് ചാനലിന്റെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ ഗഗൻ സേഥി തന്റെ ഫേസ് ബുക്ക് പേജിലൂടെ പത്രത്തിന്റെ പ്രകാശനം നിർവഹിച്ചു. ശിപായി ലഹള വൈകാതെ അടിച്ചമർത്തപ്പെട്ടുവെങ്കിലും ഇന്ത്യയിൽ മാറ്റങ്ങളുടെ അദ്ധ്യായങ്ങൾക്ക് നാന്ദി കുറിക്കുന്നത് ഈ ഉജ്ജ്വല പോരാട്ടത്തോടെയായിരുന്നു.