കോഴിക്കോട് : ഗണ്യമായ ലാഭത്തിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് എയർപോർട്ടിനെതിരെ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിക്ഷിപ്ത താത്പര്യക്കാരുടെ ലോബി വീണ്ടും ഗൂഢനീക്കം തുടങ്ങിയിരിക്കുകയാണെന്ന് ബി.ഡി.ജെ.എസ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
മലബാർ മേഖലയിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന എയർപോർട്ട് എങ്ങനെയും അടച്ചുപൂട്ടിക്കാനാണ് ശ്രമം. കരിപ്പൂരിലേതിനേക്കാൾ നീളം കുറഞ്ഞ റൺവേയുള്ള വിമാനത്താവളങ്ങൾ രാജ്യത്ത് നിലവിലുണ്ട്. അപകടത്തിന്റെ പേരിൽ ഈ താവളം വേണ്ടെന്നുവെച്ചാൽ മലബാറിന്റെ വികസനരംഗത്ത് വലിയ തകർച്ചയായിരിക്കും നേരിടേണ്ടി വരിക.
രാജ്യത്തെ പ്രധാന ടേബിൾ ടോപ് വിമാനത്താവളങ്ങളിലൊന്ന് എന്ന നിലയ്ക്ക് കരിപ്പൂരിൽ റൺവേയുടെ സുരക്ഷയ്ക്കായി ഇ മാസ് സ്ഥാപിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം തയ്യാറാവണം.
പ്രസിഡന്റ് സതീഷ് കുമാർ അയനിക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ കരിപ്പാലി, ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി രാജേഷ് പി. മാങ്കാവ്, വൈസ് പ്രസിഡന്റ് പത്മകുമാർ ജി. മേനോൻ, സെക്രട്ടറി രാജീവൻ കോവൂർ എന്നിവർ സംസാരിച്ചു.