milma

കോഴിക്കോട്: മിൽമ മലബാർ യൂണിയൻ അംഗ സംഘങ്ങളിൽ പാലളക്കുന്ന കർഷകരുടെ വീടും തൊഴുത്തും കറവമാടുകളെയും ഇൻഷൂർ പരിരക്ഷയൊരുക്കി മിൽമ. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് നടപ്പാക്കുക. പശുക്കളുടെയും എരുമയുടെയും മരണം, സ്ഥിരമായ അംഗവൈകല്യം എന്നിവ വഴി കർഷകനുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനാണ് പദ്ധതി. ഒരു കർഷകന്റെ പരമാവധി അഞ്ച് പശുക്കളെ ഇൻഷൂർ ചെയ്യാനാകും. ഒരു വർഷത്തേക്ക് പരമാവധി 3.5 ശതമാനമാണ് പ്രീമിയം. പ്രകൃതി ദുരന്തം, തീപിടിത്തം, അപകടങ്ങൾ എന്നിവയിലൂടെ തൊഴുത്തിന് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനാണ് കാലിത്തൊഴുത്ത് ഇൻഷൂറൻസ് പദ്ധതി. 1.85 ലക്ഷം വരെ മൂല്യമുള്ള തൊഴുത്താകും പരിഗണിക്കുക. 59 രൂപയാണ് വാർഷിക പ്രീമിയം. ഓലമേഞ്ഞ ഷെഡുകൾ പരിഗണിക്കില്ല. കർഷക ഭവനങ്ങളിൽ കോൺക്രീറ്റ്, ഓട്, ടിൻഷീറ്റ്, ആസ്ബറ്റോസ് തുടങ്ങിയ മേൽക്കൂര പരിഗണിക്കും. മൂന്ന് സ്ലാബായാണ് പരിഗണിക്കുക. 313, 469, 625 വീതമാണ് പ്രീമിയം തുക. കറവമാടിന് 200, വീടിന് 50, തൊഴുത്തിന് 30 വീതം മിൽമ സബ്സിഡി നൽകും. 50 ലക്ഷമാണ് ആകെ ചെലവെന്ന് മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എസ്.മണിയും മാനേജിംഗ് ഡയറക്ടർ കെ.എം. വിജയകുമാരനും അറിയിച്ചു.