ഒഡിഷയുടെ തലസ്ഥാന നഗരിയായ ഭുവനേശ്വറിന് തിലകക്കുറിയായി തിളങ്ങുകയാണ് 'കലിംഗ". രാജ്യത്തെന്നല്ല, രാജ്യാന്തര തലത്തിൽ തന്നെ അംഗീകാരങ്ങൾ പലതും സ്വന്തമാക്കാൻ കഴിഞ്ഞ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (കെ ഐ ഐ ടി) കല്പിത സർവകലാശാല ചുരുങ്ങിയ കാലത്തിനിടെ മികവിന്റെ കേന്ദ്രം എന്ന നിലയിൽ നിന്ന് ശ്രേഷ്ഠ പദവിയിൽ സ്ഥാനം പിടിക്കുകയായിരുന്നു. ഔന്നത്യത്തിലേക്കുള്ള പടവുകളേറിയത് ഓരോ ചുവടിലും ഉൽകൃഷ്ടതയുടെ മുദ്ര ചാർത്തിയാണ്.
പ്രൊഫഷണൽ - സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഇന്നിപ്പോൾ ഇന്ത്യയിലെ തലയെടുപ്പുള്ള സ്ഥാപനമായി മാറിയിരിക്കുകയാണ് കലിംഗ. എല്ലാ അർത്ഥത്തിലും വിദ്യാർത്ഥി പ്രതിഭകൾ പ്രവേശനം കൊതിക്കുന്ന ഇടം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കു പുറമെ 53 വിദേശ രാഷ്ട്രങ്ങളിലെ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് ഇവിടെ.
വിദ്യാർത്ഥി സൗഹൃദ സർവകലാശാലയെന്ന നിലയിൽ കൈവരിച്ച പരിപൂർണതയാണ് കലിംഗയുടെ ഖ്യാതിയ്ക്ക് അടിസ്ഥാനം. സഹാനുഭൂതിയുടെയും മനുഷ്യത്വത്തിന്റയും ആധാരശിലകളിൽ പടുത്തുയർത്തിയതാണ് ഈ മഹനീയ സ്ഥാപനമെന്ന സവിശേഷതയുമുണ്ട്. വിഖ്യാത വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക - സാംസ്കാരിക നായകനുമായ പ്രൊഫ.അച്യുത സാമന്തയാണ് കലിംഗയുടെ സ്ഥാപകൻ. 1992- 93 ൽ സാധാരണ തൊഴിൽപരിശീലന കേന്ദ്രമായാണ് തുടക്കം. ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി മാറുന്നത് 1997 ലാണ്. പിന്നീട് കലിംഗയുടെ വളർച്ച അതിശയിപ്പിക്കുന്ന വേഗത്തിലും ശൈലിയിലുമായിരുന്നു. വിദ്യാഭ്യാസരംഗത്ത് ഓരോ ശ്രേണിയിലും നേട്ടങ്ങളുടെ നാഴികക്കല്ലുകൾ സൃഷ്ടിക്കുകയായിരുന്നു.
മേന്മയാർന്ന പ്രൊഫഷണൽ - സാങ്കേതിക വിദ്യാഭ്യാസത്തിന്റെ അന്തർദ്ദേശീയ ഹബ് എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിലാണ് കലിംഗ ഇപ്പോൾ. ശ്രേഷ്ഠ സ്ഥാപനമായി കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചത് ഈ ദിശയിലുള്ള പ്രയാണത്തിൽ ഏറെ പ്രചോദനമായി മാറുകയാണ്. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി തിരഞ്ഞെടുക്കപ്പെട്ട പത്ത് വീതം സർവകലാശാലകളുടെ ക്ലസ്റ്ററിലുൾപ്പെട്ടതിനു പിറകെയാണ് ശ്രേഷ്ഠ സ്ഥാപന പദവിയിലേക്കുള്ള ഉയർച്ച. ഈ സർവകലാശാലകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ഐ ഒ ഇ (ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എമിനൻസ് ) പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഐ എ യു (ഇന്റർനാഷണൽ അസോസിയേഷൻ ഒഫ് യൂണിവേഴ്സിറ്റീസ് ) വിന്റെ ഐ എസ് എ എസ് (ഇന്റർനാഷണലൈസേഷൻ സ്ട്രാറ്റജീസ് അഡ്വൈസറി സർവിസസ്) ബാഡ്ജ് ലഭിക്കുന്ന ആദ്യ ഭാരതീയ സർവകലാശാല എന്ന പൊൻതൂവൽ കൂടിയുണ്ട് കലിംഗയ്ക്ക്.
ആഗോള യൂണിവേഴ്സിറ്റി റാങ്കിംഗിൽ ക്യൂ എസ്, ടി എച്ച് ഇ (ടൈംസ് ഹയർ എജ്യുക്കേഷൻ) എന്നിവയുമായി മുൻനിരയിൽ എത്താനായെന്നത് ശ്രേഷ്ഠപദവി വന്നുചേരുന്നതിൽ നിർണായകമായി. പ്രൊഫഷണൽ വിദ്യാഭ്യാസം പകർന്നേകുന്ന സ്ഥാപനമെന്ന നിലയിൽ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയ്ക്ക് 23 വർഷത്തെ പാരമ്പര്യമാണുള്ളതെങ്കിൽ സർവകലാശാലയായി മാറിയതിന്റെ ചരിത്രത്തിന് 16 വർഷത്തെ പഴക്കം മാത്രം. പക്ഷേ, കൗമാരം വിടുമ്പോഴേക്കുതന്നെ പക്വതയാർന്ന, എണ്ണം പറഞ്ഞ, ആഗോളതലത്തിൽ തന്നെ കിടപിടിക്കാവുന്ന പഠന - ഗവേഷണ കേന്ദ്രമായി വളർന്നു പന്തലിച്ചിരിക്കുകയാണ് ഈ സ്ഥാപനം.
യൂണിവേഴ്സിറ്റികളുടെ നിരയിൽ കലിംഗയ്ക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതായി എ കാറ്റഗറി അക്രഡിറ്റേഷൻ ലഭിക്കുന്നത് 2015-ലാണ്. 'നാക് ' എ ഗ്രേഡ് തുടർച്ചയായി മൂന്നു വർഷം നേടാൻ കഴിഞ്ഞു. വിവിധ ശാഖകളിലായുള്ള ഇവിടുത്തെ ബി ടെക് പ്രോഗ്രാമുകൾക്ക് യു കെ യിലെ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ അക്രഡിറ്റേഷനു പുറമെ എൻ ബി എ യുടെ 'ടയർ വൺ' (വാഷിംഗ്ടൺ) അംഗീകാരവും ലഭിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ എൻ ഐ ആർ എഫ് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക്) പട്ടികയിൽ വരുന്ന മികച്ച 31 യൂണിവേഴ്സിറ്റികളുടെ കൂട്ടത്തിൽ ഉൾപ്പെട്ടത് മറ്റൊരു നേട്ടം.
@ കാമ്പസ് പ്ലേസ്മെന്റിൽ തുടക്കം മുതൽ റെക്കോർഡ്
ആദ്യബാച്ച് പുറത്തിറങ്ങുന്നതു മുതൽ കാമ്പസ് പ്ലേസ്മെന്റിൽ റെക്കോഡ് കുറിക്കാൻ കഴിഞ്ഞിട്ടുണ്ട് കലിംഗയ്ക്ക്. അക്കാദമിക് മികവും കലിംഗയുടെ ബ്രാൻഡിംഗും തന്നെയാണ് ഈ നേട്ടത്തിന് പിന്നിൽ. പ്രമുഖ ബഹുരാഷ്ട്ര - ദേശീയ കമ്പനികൾ എല്ലാ വർഷവും ഇവിടെയെത്തുന്നുണ്ട്. പ്രീമിയർ ദേശീയ സ്ഥാപനങ്ങളിലെയും മുൻനിര യൂണിവേഴ്സിറ്റികളിലെയും വിദ്യാർത്ഥികൾക്ക് ഓഫർ ചെയ്യപ്പെടുന്ന അതേ സാലറി പാക്കേജിന് കലിംഗയിൽ നിന്ന് കോഴ്സ് കഴിഞ്ഞിറങ്ങുന്നവരും അർഹരാവുന്നു. പ്രതിവർഷം സാങ്കേതികമേഖലയിലേക്ക് കടന്നുചെല്ലുന്ന വിജയികളുടെ എണ്ണം ശരാശരി മൂവായിരം വരും. ഇതിൽ 50 ശതമാനം പേർക്ക് ബഹുരാഷ്ട്ര കമ്പനികളുടെ 'ഡേ സീറോ' പ്ളേസ്മെന്റ് ലഭിക്കുന്നുണ്ട്. ഈ വർഷം ഓഫർ ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന പ്രതിവർഷ ശമ്പളം 28 ലക്ഷം രൂപയാണ്. ശരാശരി ശമ്പളം 6. 5 ലക്ഷം രൂപയും. മറ്റു വിദ്യാർത്ഥികൾക്കും പ്രശസ്ത ദേശീയ - രാജ്യാന്തര സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു. ഉയർന്ന പ്രതിവർഷ ശമ്പളം 6 ലക്ഷം രൂപയാണ്. 4. 5 ലക്ഷം രൂപയാണ് ശരാശരി ശമ്പളം. മാനേജ്മെന്റ്, ബയോടെക്നോളജി, ലോ, റൂറൽ മാനേജ്മെന്റ് കോഴ്സുകൾ പൂർത്തിയാക്കുന്നവരും ഇതേ രീതിയിൽ മികച്ച പാക്കേജിന് അർഹരാവുന്നുണ്ട്. എം.ബി.എ ക്കാർക്ക് ലഭിക്കുന്ന ശരാശരി പ്രതിവർഷശമ്പളം 7. 5 ലക്ഷം രൂപ. ഓരോ വർഷവും ഇവിടെ നിന്നുള്ള അഞ്ഞൂറോളം വിദ്യാർത്ഥികൾ ദേശീയ - അന്തർദ്ദേശീയ സ്ഥാപനങ്ങളിൽ ഉപരിപഠനത്തിന് പ്രവേശനം നേടുന്നുമുണ്ട്.
@ 28 പഠന വകുപ്പുകൾ
മുപ്പതിനായിരത്തിൽപരം വിദ്യാർത്ഥികളുണ്ട് കലിംഗയിൽ. 28 പഠന സ്കൂളുകൾ കൈകാര്യം ചെയ്യുന്നത് ഇരുന്നൂറിലേറെ വിഷയങ്ങൾ. ആഗോളാംഗീകാരമുള്ള ബിരുദ കോഴ്സുകൾ മുതൽ ഡോക്ടറൽ ബിരുദ പ്രോഗ്രാം വരെ ഉൾപ്പെടുന്നു ഇതിൽ. എൻജിനിയറിംഗ്, മെഡിസിൻ, മാനേജ്മെന്റ്, ബയോടെക്നോളജി, ലോ തുടങ്ങിയവയുടേതായി ഓരോ പഠന സ്കൂളിനുമുണ്ട് പ്രത്യേക കാമ്പസും വെവ്വേറെ ലൈബ്രറി, ലബോറട്ടറി ഉൾപ്പെടെയുള്ള സൗകര്യങ്ങളും. കേൾവികേട്ട വിദേശ യൂണിവേഴ്സിറ്റികളുടേതിനെ വെല്ലുന്ന സജ്ജീകരണങ്ങളുമായി, തികഞ്ഞ പരിസ്ഥിതിസൗഹൃദ - ഹരിത കാമ്പസാണ് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നത്. സർഗാത്മകതയുടെ ഉയരങ്ങൾ വെട്ടിപ്പിടിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന അന്തരീക്ഷം പ്രദാനം ചെയ്യുകയാണിവിടെ.
@ 'കലിംഗ" ഒറ്റ നോട്ടത്തിൽ
ശ്രേഷ്ഠ പഠന കേന്ദ്രം (ഇൻസ്റ്റിറ്റ്യൂഷൻ
ഒഫ് എമിനൻസ് പദവി)
30,000 വിദ്യാർത്ഥികൾ
പത്ത് പൊതു സർവകലാശാലകളും
10 സ്വകാര്യ സർവകലാശാലകളും
ഉൾപ്പെട്ട സെലക്ട് ലീഗിൽ അംഗത്വം
അന്തർദ്ദേശീയ ബാഡ്ജിന് അർഹമായ
ആദ്യ ഇന്ത്യൻ സർവകലാശാല
ദേശീയ - അന്തർദ്ദേശീയ ഏജൻസികളിൽ
നിന്നുള്ള അക്രഡിറ്റേഷൻ
രാജ്യത്തെ ഏറ്റവും മികച്ച 31 സർവകലാശാല
കളുടെ നിരയിൽ സ്ഥാനം
ഗവേഷണങ്ങൾക്കായി ബോയിംഗ് ഇന്ത്യ
കണ്ടെത്തിയ 7 സ്ഥാപനങ്ങളിൽ ഒന്ന്
മികവുറ്റ സ്വാശ്രയ സ്ഥാപനങ്ങളുടെ
നിരയിൽ രണ്ടാം റാങ്ക്
ആകർഷകമായ പ്ളേസ്മെന്റ് പാക്കേജ്
ഒളിമ്പ്യനെ വരെ സൃഷ്ടിച്ച സ്പോർട്സ്
റെക്കോഡ്
@ ഗവേഷണം; പരിഷ്കാരം
വ്യത്യസ്ത വിഷയങ്ങളിൽ ആഴത്തിലിറങ്ങിയുള്ള ഗവേഷണവും പുത്തൻ മാതൃകകൾ തീർക്കുന്ന പരിഷ്കാരവുമാണ് ലോകോത്തര യൂണിവേഴ്സിറ്റികളെ എപ്പോഴും വേറിട്ടു നിറുത്തുന്നത്. വിവിധ പഠനശാഖകളിൽ നവീന ഗവേഷണ പഠനങ്ങൾക്ക് കുറ്റമറ്റ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലൂടെ കലിംഗ ഈ തലത്തിലേക്ക് ഉയരുകയായിരുന്നു.
ബഹിരാകാശ സംരംഭങ്ങൾക്ക് ഉത്തേജകമാവുക എന്ന ഉദ്ദേശ്യത്തോടെ ബോയിംഗ് ഇന്ത്യ'ബിൽഡ് ' (ബോയിംഗ് യൂണിവേഴ്സിറ്റി ഇന്നൊവേഷൻ ലീഡർഷിപ്പ് ഡവലപ്മെന്റ് ) പ്രോഗ്രാമിനായി ഇന്ത്യയിൽ കണ്ടെത്തിയ ഏഴു സ്ഥാപനങ്ങളിലൊന്ന് കലിംഗയാണ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ എ ആർ ഐ ഐ എ (അടൽ റാങ്കിംഗ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓൺ ഇന്നൊവേഷൻ അച്ചീവ്മെന്റ്സ് ) മാനദണ്ഡപ്രകാരം രാജ്യത്തെ ഏറ്റവും മികച്ച സ്വാശ്രയ സർവകലാശാലകളിൽ രണ്ടാം റാങ്ക് കലിംഗയെ തേടിയെത്തിയത് ഈയടുത്താണ്.
@ '' ബയോ ടെക്നോളജി കോഴ്സ് ചെയ്യാൻ തീരുമാനിച്ചപ്പോൾ പല സ്ഥാപനങ്ങളിലേക്കും അന്വേഷണം നീണ്ടു. ഒടുവിൽ കലിംഗ എന്നു തന്നെ ഉറപ്പിക്കുകയായിരുന്നു. കാരണം മറ്റൊന്നുമല്ല, ഗവേഷണത്തിന് കൂടി എല്ലാ സൗകര്യങ്ങളുമൊരുക്കിയുള്ള ഡിപ്പാർട്ട്മെന്റുണ്ട് ഇവിടെ. ഇന്റഗ്രേറ്റഡ് ബി ടെക് - എം ടെക് കോഴ്സ് ഇവിടത്തെ സവിശേഷതയാണ്. സുസജ്ജമായ ലബോറട്ടറിയുമുണ്ട്. ""
അനീഷ ഘോഷ്
( 9ാം സെമസ്റ്റർ ബയോ ടെക്നോളജി )
@'' കലിംഗയുടെ മേന്മ തിരിച്ചറിഞ്ഞ് തന്നെയാണ് എന്റെ മകളെ അവിടെ ചേർത്തത്. ബയോ ടെക്നോളജി ഗവേഷണ മേഖലയിലുള്ള അവളുടെ താത്പര്യം മനസ്സിലാക്കിയപ്പോൾ, ഏറ്റവും മികച്ച കേന്ദ്രത്തിൽ തന്നെയാവട്ടെ പഠനമെന്ന് കരുതി. അവളുടെ സ്വപ്നം സഫലമാക്കാനുതകുന്ന എല്ലാ സൗകര്യങ്ങളുമുള്ള ലാബാണ് കലിംഗയിലേത്. അതും ഇന്ത്യയിലെ തന്നെ മികച്ച ലാബുകളിലൊന്ന്. കോഴ്സ് കഴിയുമ്പോൾ മികവുറ്റ പ്ലേസ്മെന്റും ഉറപ്പ്.""
ഒരു രക്ഷിതാവ്