കോഴിക്കോട് : നിലയ്ക്കാത്ത മഴയിൽ ഇനി പ്രളയം വന്നാലും കടുങ്ങാപ്പുഴയുടെ ഓരത്തുള്ളവർക്ക് പേടിക്കേണ്ടതില്ല. മുന്നൂറ് മീറ്ററിലേറെ നീളത്തിൽ പുഴയ്ക്ക് സംരക്ഷണഭിത്തി നിർമ്മിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിരോധം തീർത്തതോടെ വെള്ളപ്പൊക്കപ്രശ്നം തീരുകയാണ്.
മഴക്കാലക്കെടുതികൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച 'ധനുഷ് സമൃദ്ധി "യിലെ 'പ്രാണ പദ്ധതി" യിൽ ഉൾപ്പെടുത്തിയാണ് ജില്ലാ തൊഴിലുറപ്പ് മിഷന്റെ സഹായത്തോടെ പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ ഇത് നടപ്പാക്കിയത് തൊഴിലുറപ്പുകാർക്ക് പുറമെ പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരുമുണ്ടായിരുന്നു ഈ യജ്ഞം പൂർത്തിയാക്കാൻ.
പുഴയോരത്ത് സർവേയ്ക്ക് വിഷമം നേരിട്ട പ്രദേശങ്ങളെ ഭിത്തിനിർമ്മാണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ തുടങ്ങിയ പ്രവൃത്തി സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിറുത്തിവെച്ചിരുന്നു. പിന്നീട് മേയ് 6 ന് പുന:രാരംഭിച്ച നിർമ്മാണം ജൂൺ ആദ്യവാരത്തോടെ പൂർത്തിയാക്കാൻ കഴിഞ്ഞു. ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മണ്ണും വലിയ കല്ലുകളും മരത്തടികളും പുഴയിൽ നിന്ന് നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്ന പ്രവൃത്തിയായിരുന്നു പിന്നീട്. ആകെ 2,730 തൊഴിൽ ദിനങ്ങളാണ് ഉപയോഗപ്പെടുത്തിയത്.
മഴക്കാലമെത്തുമ്പോൾ ഈ ഭാഗത്തുള്ളവർക്ക് അനുഭവിക്കേണ്ടി വരുന്ന ദുരിതത്തിന് ഇതോടെ അറുതിയാവുകയാണ്. 2018 ലെ പ്രളയകാലത്ത് മട്ടിക്കുന്നിലുണ്ടായ ഉരുൾപൊട്ടലിൽ കടുങ്ങാപ്പുഴ നിറഞ്ഞൊഴുകിയപ്പോൾ തീരദേശത്തുള്ളവരിൽ നൂറോളം കർഷക കുടുംബങ്ങൾക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്. പുഴയ്ക്ക് സംരക്ഷണഭിത്തി വന്നതോടെ തന്നെ ഇപ്പോൾ വെളളത്തിന്റെ ഒഴുക്ക് നിയന്ത്രണ വിധേയമായിട്ടുണ്ട് .
തൊഴിലുറപ്പ് പദ്ധതിയിൽ പൊതുവെ ചെറിയ നിർമ്മിതികളും ജൈവ സമ്പത്തും സംരക്ഷിക്കുന്ന പ്രവർത്തനങ്ങളാണ്
''ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യിൽ ജില്ലയിൽ ഇത് കൂടാതെ വിവിധ ജലാശയങ്ങളുടെയും പുഴകളുടെയും സംരക്ഷണ പ്രവർത്തികൾ ധനുഷ് സമൃദ്ധി പദ്ധതിയിൽ പുരോഗമിച്ചു വരികയാണ്''
ടി. എം. മുഹമ്മദ് ജാഫർ,
ജില്ലാ കോ ഓർഡിനേറ്റർ,
തൊഴിലുറപ്പ് പദ്ധതി
സംരക്ഷണഭിത്തിയ്ക്ക്
ചെലവ്
70 ലക്ഷം
നീളം
315 മീറ്റർ
ഉയരം
10 അടി