കോഴിക്കോട്: ബിനോയ് വിശ്വം എം.പിയുടെ സൻസദ് ആദർശ ഗ്രാമ യോജന പദ്ധതി പ്രകാരം ദത്തെടുത്ത വളയം പഞ്ചായത്തിലെ നിർധനരായ പത്ത്‌ യുവതികൾക്ക് തയ്യൽ മെഷീനുകൾ സമ്മാനിച്ചു. സർക്കാർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന 'മേക്കിംഗ് ആൻഡ് ഇമ്പാക്ട്' പദ്ധതിയുടെ ഭാഗമായാണ് എം.പിയുടെ സഹായം. പദ്ധതി ഉദ്ഘാടനം ബിനോയ് വിശ്വം എം.പി യും തയ്യൽ മെഷിൻ വിതരണം ഇ.കെ. വിജയൻ എം.എൽ.എയും വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ് സുമതി അദ്ധ്യക്ഷത വഹിച്ചു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആദ്യം മാസ്‌ക് തയ്ച്ച് പാവപ്പെട്ടവർക്ക് സൗജന്യമായി നൽകും. പിന്നീട് തുക കണക്കാക്കി വിൽപന നടത്താനുമാണ് ലക്ഷ്യം. ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ സ്‌പോണർഷിപ്പായാണ് തയ്യൽ മെഷീൻ ലഭ്യമാക്കിയത്. മാസ്‌ക് തയ്ക്കാനാവശ്യമായ തുണി നൽകാമെന്ന് ശുചിത്വമിഷൻ അറിയിച്ചിട്ടുണ്ട്.

ഹരിത കർമ്മ സേനയിൽ സേവനമനുഷ്ഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എസ്.സി, എസ്.ടി വിഭാഗത്തിൽ പെട്ടവരും ഇതിലുണ്ട്. യൂണിറ്റ് ശിശുമന്ദിരത്തിനടുത്തുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുക. സ്‌പോൺസർഷിപ്പിലൂടെ കൊടുത്ത തുണി ഉപയോഗിച്ച് ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി രണ്ട് വീതം മാസ്‌കുകൾ നൽകുന്നതാണെന്ന് വളയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സുമതി പറഞ്ഞു. ചടങ്ങിൽ സിജു തോമസ്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, സാഗി ചാർജ്ജ് ഓഫീസർ പി.എം സൂര്യ, ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.