കൽപ്പറ്റ: എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച ജില്ലയിൽ നടത്തിയ ഡോക്സി ഡേയിൽ 19894 ആളുകൾക്ക് എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ വിതരണം ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിലാകെ ഒരുക്കിയ 70 ഡോക്സി കിയോസ്‌കുകൾ വഴിയാണ് ഗുളികകൾ വിതരണം ചെയ്തത്. ബോധവൽക്കരണത്തിന് 5489 നോട്ടീസുകളും വിതരണം ചെയ്തു. ജില്ലയിലെ ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ, 676 സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കാളികളായി.

കനത്ത മഴയിൽ ജില്ലയിലെ പല സ്ഥലങ്ങളിലും വെളളം കയറിയത് മൂലം എലിപ്പനി പകർച്ചയ്ക്ക് സാധ്യത കൂടിയതിനാലാണ് ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം സംയുക്തമായി ആഗസ്റ്റ് 13 മുതൽ തുടർച്ചയായ നാല് വ്യാഴാഴ്ചകളിൽ ഡോക്സി ഡേ സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിലും പ്രളയാനന്തരം ഫലപ്രദമായി എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിനാൽ മരണ നിരക്ക് കുറയ്ക്കാൻ സാധിച്ചിരുന്നു.

ഡോക്സി ഡേകളിൽ (ആഗസ്റ്റ് 20,27, സെപ്തംബർ 3) മലിനജല സമ്പർക്ക സാധ്യതയുളള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ക്യഷിപ്പണികളിൽ ഏർപ്പെടുന്നവർ, കന്നുകാലി പരിപാലകർ,തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ ഓരോ ഡോസ് ഡോക്സി സൈക്ലിൻ ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.


വിവിധ പ്രവൃത്തികൾക്ക് ഭരണാനുമതി

കൽപ്പറ്റ: നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വിവിധ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അമ്പുകുത്തി 19 കൃഷ്ണപുരം റോഡ് റീ ടാറിംഗ്, പണയമ്പം നായ്ക്ക കോളനി റോഡ് കൾവർട്ട് നിർമ്മാണം, ഒള്ളോത്താഴത്ത് കവല ചക്കാലക്കുന്നേൽ കവല റോഡ് റീ ടാറിംഗ്, ചിറ്റൂർ അരിമാനി റോഡ് റീ ടാറിംഗ് എന്നീ പ്രവൃത്തികൾക്ക് പത്ത് ലക്ഷം രൂപ വീതവും നരിക്കുണ്ട് പായിക്കൊല്ലി റോഡ് റീ ടാറിംഗിന് 15 ലക്ഷം, ട്രാൻസ്‌ഫോർമർ കവല വെട്ടിക്കവല റോഡ് റീ ടാറിംഗിന് 16 ലക്ഷം, കാട്ടാംകോട്ടിൽ കവല വെട്ടിക്കവല റോഡ് റീ ടാറിംഗിന് 12 ലക്ഷം, പാപ്ലശ്ശേരി മാടപ്പള്ളിക്കുന്ന് റോഡ് ടാറിംഗിന് 25 ലക്ഷവും അനുവദിച്ചു.

ഒ.ആർ കേളു എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തൃശ്ശിലേരിയിലെ വയനാട് ഹാൻഡ്‌ലൂം ആൻഡ് പവർലൂം മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കുഴൽകിണർ നിർമ്മിക്കുന്നതിന് ഒരു ലക്ഷവും വാരാമ്പറ്റ ഗവ. ഹൈസ്‌ക്കൂളിന് സ്‌കൂൾ ബസ് വാങ്ങുന്നതിന് 17 ലക്ഷം രൂപയും അനുവദിച്ചു.


സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

പനമരം: പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം പനമരം ഗ്രാമ പഞ്ചായത്തിലെ ക്ഷീര കർഷകർക്ക് ആഗസ്റ്റ് 17 മുതൽ 21 വരെ ലഭിക്കും. സേവനം ആവശ്യമുള്ള കർഷകർ ക്ഷീര സംഘങ്ങൾ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണം. ഫോൺ 9495478744.


റേഷൻ കടകൾ ഞായറാഴ്ച തുറക്കും

കൽപ്പറ്റ: ശനിയാഴ്ച്ച റേഷൻ കടകൾക്ക് അവധിയായതിനാൽ നാളെ (ഓഗസ്റ്റ് 16) റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു.


ബിരുദ കോഴ്സ്
അപേക്ഷ ക്ഷണിച്ചു

മാനന്തവാടി: ഐ.എച്ച് ആർഡിയുടെ കീഴിൽ മാനന്തവാടിയിൽ പ്രവർത്തിക്കുന്ന പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡിഗ്രി കോഴ്സുകളിലേക്ക് ഓൺലൈൻ അഡ്മിഷൻ ആരംഭിച്ചു. ബി.എസ്‌സി ഇലക്ട്രോണിക്സ്, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് http//ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ 8547005060, 9961288283.


കൊവിഡ് ഡ്യൂട്ടി
വിമുക്തഭടൻന്മാർക്ക് അപേക്ഷിക്കാം

കൽപ്പറ്റ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കാൻ സന്നദ്ധതയുള്ള വിമുക്തഭടൻമാർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ. 04936 202668.