കൽപ്പറ്റ: ജില്ലയിൽ കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായും ക്വാറൻറ്റൈൻ കർശനമായി നടപ്പാക്കുന്നതിന് വേണ്ടിയും കൊവിഡ് രോഗികളുടെ പ്രാഥമിക/ ദിത്വിയ സമ്പർക്കത്തിൽ വരുന്നവരുടെ വീടുകളിൽ പൊലീസ് സ്റ്റിക്കർ പതിക്കും. ഇതിനുള്ള സ്റ്റിക്കറുകൾ (ജീവനും ജാഗ്രതയും) ജില്ലാ പൊലീസ് തയ്യാറാക്കി.
ക്വാറൻറ്റൈൻ അവസാനിക്കുന്ന തീയ്യതി, വീട്ടിലെ അംഗങ്ങളുടെ എണ്ണം, ആരോഗ്യ സഹായത്തിന് വേണ്ടി വിളിക്കേണ്ട ആശ വർക്കർ/ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകൾ, സാഫല്യം സുരക്ഷ ഹോം ടെലിവറി/ ടെലിമെഡിസിൻ സൗകര്യത്തിന് വേണ്ടി വിളിക്കാവുന്ന നമ്പർ, എന്നിവ സ്റ്റിക്കറിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും.
സ്റ്റിക്കർ പതിക്കുന്നതു വഴി ക്വാറന്റൈനിൽ ഉള്ള ആളുകളുടെ വീടുകളെ സംബന്ധിച്ച് സമീപവാസികൾക്ക് അറിയാനാകും. വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നും വരുന്നവരെകുറിച്ച് സാധാരണ ഗതിയിൽ പ്രദേശവാസികൾക്കറിവുണ്ടാകും. ക്വാറൻറ്റൈൻ ലംഘിക്കുന്നുണ്ടോയെന്നും അവരുമായി ഇടപഴകുന്നതിൽ വേണ്ട മുൻകരുതലെടുക്കുന്നതിനും ശ്രദ്ധിക്കാൻ കഴിയും. എന്നാൽ പക്ഷെ സമ്പർക്ക പട്ടികയിൽ വരുന്ന ആളുകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തുകയോ അത് പൊതുജനങ്ങളുടെ അറിവിലേക്കായിട്ട് പ്രസിദ്ധികരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ കൊവിഡ് പോസിറ്റീവ് ആയ രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള ആളുകളെകുറിച്ച് അറിയുന്നതിനും അവരിൽ നിന്ന് സുരക്ഷാ അകലം പാലിക്കുന്നതിനും അവർ ക്വാറൻറ്റൈൻ ലംഘനം നടത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും പൊതുജനങ്ങൾക്ക് ഇതുകൊണ്ട് സാധിക്കുമെന്ന് പൊലീസ് പറയുന്നു. ഇപ്രകാരം സ്റ്റിക്കർ പതിക്കുന്നതിലൂടെ കൊവിഡ് രോഗ പ്രതിരോധനത്തിന് പൊതുജനങ്ങളുടെ സഹകരണം ലഭ്യമാക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും സ്റ്റിക്കർ പതിച്ചിട്ടുള്ള വീടുകളിൽ ക്വാറൻറ്റൈനിൽ കഴിയുന്നവർ ക്വാറൻറ്റൈൻ ലംഘനം നടത്തുകയോ അവരെ ക്വാറൻറ്റൈൻ ലംഘനത്തിന് ആരെങ്കിലും സഹായിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ അറിയിച്ചു.