വടകര: അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തരായവരെ ഉൾപ്പെടുത്തി അഴിയൂരിൽ സന്നദ്ധ സേനയ്ക്ക് രൂപം നൽകി. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരമാണ് ദുരന്തനിവാരണ സേനയെ തയ്യാറാക്കിയത്. കഴിഞ്ഞവർഷങ്ങളിൽ ജീവതാളം പദ്ധതിയിൽ പരിശീലനം സിദ്ധിച്ചവരും പ്രളയം, കൊവിഡ് കാലത്ത് രജിസ്ട്രേഷൻ നടത്തി പരിശീലനം നേടിയവരുമാണ് സംഘത്തിൽ ഉണ്ടാവുക. ദുരന്തനിവാരണ പദ്ധതി പ്രകാരം വാർഡ് തലത്തിൽ പ്രത്യേക സംവിധാനം ഒരുക്കും. പഞ്ചായത്ത് തലത്തിൽ രൂപീകരിച്ച ടീമിന് ലൈഫ് ജാക്കറ്റ്, റെസ്ക്യൂ ട്യൂബ്, ഗ്ലൗസ്, ഓക്സിജൻ മാസ്ക്, ഹെൽമറ്റ്, കൊടുവാൾ, കൈക്കോട്ട് എന്നിവ പഞ്ചായത്ത് നൽകും. എംബ്ലം പതിച്ച ജഴ്സിയിൽ എത്തുന്ന ഇവർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, പൊലീസ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, ആരോഗ്യം, ഫോറസ്റ്റ് എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുക. സംഘങ്ങൾക്കുള്ള ആദ്യ പരിശീലനം ഓൺലൈനിൽ നടന്നു. 12 പേർ അടങ്ങുന്ന ഗ്രൂപ്പിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിന് യോഗം ചേർന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി. പി ജയൻ അദ്ധ്യക്ഷത വഹിച്ചു. ചോമ്പാല സി .ഐ ടി .പി. സുമേഷ്, പഞ്ചായത്ത് സെക്രട്ടറി ടി .ഷാഹുൽ ഹമീദ്, എസ് .ഐ നിഖിൽ, വാർഡ് മെമ്പർ വഫ ഫൈസൽ, വി. ഇ .ഒ എം. വി .സിദ്ദീഖ്, സി.എച്ച് .മുജീബ് റഹ്മാൻ, കൊവിഡ് ഡ്യൂട്ടിക്ക് നിയമിച്ച അദ്ധ്യാപകരായ കെ .ദീപു രാജ്, കെ .പി .പ്രീജിത്ത് കുമാർ, സി .കെ .സാജിദ്, രാഹുൽ ശിവ, ആർ .പി. റിയാസ്, സജേഷ് കുമാർ, സലീഷ് കുമാർ, രഞ്ചിത്ത് എന്നിവർ പ്രസംഗിച്ചു.