മീനങ്ങാടി: അപ്പാട് യൂക്കാലി കോളനിയിൽ മുപ്പതോളം പേർക്ക് വയറിളക്ക രോഗം ബാധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർമാരായ ഡോ. നൂനമർജ, ഡോ.സാവൻ, ഡോ. പ്രിയ എന്നിവരുടെ നേതൃത്വത്തിലുളള ആരോഗ്യസംഘം പ്രദേശത്ത് സന്ദർശനം നടത്തിയ ശേഷമാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.

ആഗസ്റ്റ് 11 നാണ് അപ്പാട് യൂക്കാലി കോളനിവാസികൾക്ക് വയറിളക്ക രോഗമുണ്ടായത്. ജലജന്യ രോഗങ്ങൾ, കൊതുക് ജന്യ രോഗങ്ങൾ, എലിപ്പനി എന്നിവ വ്യാപകമാകുന്ന സാഹചര്യം ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. തിളപ്പിച്ചാറ്റിയ വെളളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. പൊതു ഇടങ്ങളിൽ മലമൂത്ര വിസർജ്ജനം പാടില്ല. ആളുകൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോളനിയിലെ 133 ആളുകളുടെ ആന്റിജൻ ടെസ്റ്റ് നടത്തി കൊവിഡ് ബാധിതരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ 41 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റും നടത്തി. കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിവയുണ്ടോ എന്നറിയുന്നതിനുള്ള പരിശോധനയും നടത്തി.

മൂന്ന് കുടിവെള്ള സ്രോതസുകളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. പ്രദേശത്ത് മൂന്ന് മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 60 വീടുകളിൽ ക്ലോറിൻ ഗുളികകൾ, ഒ.ആർ.എസ് ലായനി മിശ്രിതം എന്നിവ വിതരണം ചെയ്തു.

സി.എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.നിമ്മി, ഹെൽത്ത് ഇൻസ്‌പെക്ടർ കെ പി. ബാബുരാജ്, ജെ.എച്ച്.ഐ അമാനുള്ള ,ബൈജു , ജെ.പി.എച്ച്.എൻ ഷീജ,ഹെൽത്ത് സൂപ്പർവൈസർ കെ.എം.ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.