തിരുവമ്പാടി: കെ.എസ്.ഇ.ബി തമ്പലമണ്ണയിൽ നിർമ്മിച്ച 110 കെ.വി സബ് സ്റ്റേഷൻ 17 ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും. വൈകീട്ട് 3ന് വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിക്കും. ജോർജ് എം. തോമസ് എം.എൽ.എ മുഖ്യാതിഥിയാകും.

ഉറുമി, ചെമ്പുകടവ്, പതങ്കയം എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി തടസമില്ലാതെ പ്രസരണം ചെയ്യാനും തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിൽ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ഇടപെടൽ. അഗസ്ത്യൻ മുഴി സബ് സ്റ്റേഷനിൽ തടസമുണ്ടായാൽ മുക്കം, കാരശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലും വൈദ്യുതി നൽകാനാകും. അഗസ്ത്യൻമുഴി സബ്സ്റ്റേഷനിൽ നിന്ന് 11.4 കി.മീ ഭൂഗർഭ കേബിൾ വഴിയാണ് തമ്പലമണ്ണ 110 കെ.വി സബ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നത്. പ്രസരണം ഭൂഗർഭ കേബിൾ വഴിയായതോടെ തടസവും അപകടവും ഒഴിവാക്കാനാവും. ഇത്ര ദൂരത്തിൽ ഭൂഗർഭ കേബിളിലൂടെ വൈദ്യുതി എത്തിക്കുന്ന കേരളത്തിലെ ആദ്യ പദ്ധതിയാണിത്. കേബിളുകൾ യോജിപ്പിക്കുന്നതിന് 22 ചേമ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്. 2018ൽ ആരംഭിച്ച പദ്ധതിയ്ക്ക് 33.25 കോടി രൂപയാണ് അനുവദിച്ചത്. ടേൺ കീ അടിസ്ഥാനത്തിൽ മുംബൈ ആസ്ഥാനമായ പോളി ക്യാബ് കമ്പനി 27 കോടി രൂപയ്ക്ക് പ്രവൃത്തി പൂർത്തിയാക്കി.