സുൽത്താൻ ബത്തേരി: പച്ചക്കറി വണ്ടിയിൽ കടത്തിക്കൊണ്ടുവന്ന, കണക്കിൽ പെടാത്ത 51, 39,450 രൂപ മുത്തങ്ങ ചെക്ക്പോസ്റ്റിൽ വച്ച് നർക്കോട്ടിക് വിംഗും സുൽത്താൻ ബത്തേരി പൊലീസും ചേർന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കമ്പളക്കാട് സ്വദേശി പഞ്ചാര അഷറഫ് (43), കൊടുവള്ളി സ്വദേശി മുജീബ്റഹ്മാൻ (44) എന്നിവരെ അറസ്റ്റു ചെയ്തു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തികൊണ്ടുവരികയായിരുന്നു രേഖകളില്ലാത്ത പണം. കൊടുവള്ളിയിലേക്കാണ് പണം കൊണ്ടുവന്നതെന്ന് പിടിയിലായവർ പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കാര്യമായ പരിശോധന അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഉണ്ടാവുകയില്ലെന്ന ധാരണയിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കണക്കിൽ പെടാത്ത പണം വൻതോതിൽ കേരളത്തിലേക്ക് കടത്തുന്നുണ്ട്. ഇത്തരത്തിൽ ലക്ഷക്കണക്കിന് ഈ അടുത്തിടെ അതിർത്തിചെക്ക് പോസ്റ്റുകൾ കടന്ന് കേരളത്തിലേക്ക് എത്തിയത്.
പിടിയിലായവർ പണം കടത്തുന്ന വാഹകർ മാത്രമാണ്. നിശ്ചിത സ്ഥലത്ത് പണമെത്തിച്ച് കഴിഞ്ഞാൽ കമ്മീഷൻ തുക മൈസൂരിൽ വെച്ച് വാഹകർക്ക് കൈമാറും. പണവുമായി പോകുന്നവരെ നിരീക്ഷിക്കാൻ ഇവരുടെ പിറകെ വെറെ സംഘത്തേയും നിയോഗിക്കും. കുഴൽപണ കടത്ത് സജീവമാകുമെന്ന് കണ്ട പൊലീസ് അതിർത്തികളിൽ പരിശോധന കർശമനാക്കിയിരുന്നു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് സ്‌ക്വാഡും സുൽത്താൻ ബത്തേരി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.പുഷ്പകുമാറിന്റെയും എസ്.ഐ. മണിയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് കുഴൽപണവും പ്രതികളെയും പിടികൂടിയത്.