കുറ്റ്യാടി: നരിപ്പറ്റ കൈവേലിയിലെ സർക്കാർ ആയുർവേദ ഡിസ്‌പെൻസറി കെട്ടിടം തകർച്ചയുടെ വക്കിൽ. മുപ്പത് വർഷമായി പ്രവൃത്തിക്കുന്ന ഓട് മേഞ്ഞ വാടക കെട്ടിടമാണ് ചോർന്നൊലിക്കുന്നത്. ഓടുകൾ പൊട്ടിയതിനാൽ താർ പായകൾ കെട്ടി ജീവനക്കാർ താത്കാലിക പരിഹാരം കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതിയോ മരുന്നുകൾ സൂക്ഷിക്കാനുള്ള സൗകര്യമോ ഇവിടെയില്ല. പകൽ പോലും മുറികളിൽ ഇരുട്ടാണ്. തറയാകട്ടെ കുണ്ടും കുഴിയുമായി മാറി. അടച്ചുറപ്പ് ഇല്ലാത്തതോടെ ക്ഷുദ്രജീവികൾ വരുമെന്ന ഭയവുമുണ്ട്. ദിവസവും നാൽപതോളം രോഗികളാണ് ഇവിടെ ചികിൽസ തേടി എത്തുന്നത്. ഡോക്ടർ, ഫാർമസിസ്റ്റ്, അറ്റന്റർ, പാർടൈം സ്വീപ്പർ ഉൾപ്പെടെ നാല് പേരാണ് ജീവനക്കാരായുള്ളത്. ഡിസ്‌പെൻസറിക്ക് നവീന സൗകര്യം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.