കുന്ദമംഗലം: കുറ്റിക്കാട്ടൂർ 110 കെ.വി സബ് സ്റ്റേഷൻ 17ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുമെന്ന് പി.ടി.എ. റഹീം എം.എൽ.എ അറിയിച്ചു. 66 കെ.വി സബ് സ്റ്റേഷനാണ് ശേഷി കൂട്ടിയത്. ഇതിനായി 20 എം.വി.എ ശേഷിയുള്ള രണ്ട് 110/11 കെ.വി ട്രാൻസ്ഫോമറുകൾ സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ്, കേരളാ വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനുകൾ, വ്യാവസായിക പവർ ഇന്റൻസീവ് യൂണിറ്റുകൾ തുടങ്ങിയ ഉപഭോക്താക്കൾക്കുള്ള വൈദ്യുതി ഇവിടെ നിന്നാണ് ലഭ്യമാക്കുന്നത്. സബ് സ്റ്റേഷനിലേക്ക് നിലവിൽ നല്ലളം - കുന്ദമംഗലം പ്രസരണ ലൈൻ വഴിയാണ് വൈദ്യുതി എത്തിക്കുന്നത്. ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കുന്ദമംഗലം മുതൽ കുറ്റിക്കാട്ടൂർ വരെയുള്ള 5.8 കി.മീ 110 കെ.വി ലൈൻ ആക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചു. കുന്ദമംഗലം ജി.ഐ.എസ് സബ് സ്റ്റേഷന്റെ പ്രവൃത്തി തുടരുകയാണ്. 162 കോടി രൂപയാണ് ചെലവ്. മണ്ഡലത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം അണ്ടർ ഗ്രൗണ്ട് കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിക്കും. പി.ടി.എ റഹീം എം.എൽ.എ ശിലാഫലക അനാഛാദനം നിർവഹിക്കും. എം.കെ രാഘവൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും.