ഫറോക്ക്​: ​കൊവിഡ് മാനദണ്ഡ​ങ്ങൾ ​​​​പാലിച്ച് ചാലിയത്തെയും ബേപ്പൂരിലെയും ഫിഷ് ലാന്റിംഗ് സെന്ററുകൾ പ്രവർത്തനം തുടങ്ങി. ഒരു മാസത്തെ സ്തംഭനത്തിന് ശേഷമാണ് തുടക്കം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തമ്മിലെ പ്രശ്നങ്ങളും ​കൊ​വിഡ് മുൻ കരുതൽ നടപടികളുമാണ് മത്സ്യ ബന്ധനം നീളാൻ ഇടയാക്കിയത്.

തീരത്തെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രയാസങ്ങളും കാരണം എം.എൽ.എ മുൻകൈ എടുത്ത് പ്രത്യേക യോഗം വിളിച്ചു ചേർത്താണ് ശനിയാഴ്ച മുതൽ അനുമതി നൽകിയത്. കൊവിഡ് പ്രതിരോധത്തിന് മത്സ്യ തൊഴിലാളികൾ, ആരോഗ്യ വിഭാഗം, ​​പൊലീസ്, റവന്യു, പഞ്ചായത്ത് വിഭാഗങ്ങൾക്ക് സഹായം നൽകും. പ്രവേശനം പാസ് നൽകി നിയന്ത്രിക്കും. ചില്ലറ വിൽപ്പന, അനിയന്ത്രിത ലേലം എന്നിവയുണ്ടാകില്ല. ഒരേ സമയം ഏഴിൽ കൂടുതൽ വള്ളങ്ങൾ തീരത്തടുപ്പിക്കാൻ അനുവാദമില്ല. വള്ളങ്ങൾ മീൻ പിടിത്തത്തിനിറങ്ങി 24 മണിക്കൂറിനകം ഇതേ സ്ഥലത്ത് തിരിച്ചെത്തണം എന്നിങ്ങനെ ഫിഷറീസ് വകുപ്പ് നിഷ്കർഷിച്ച നിബന്ധനകൾ പാലിക്കണം. ഏകോപനം ഫിഷറീസ് വകുപ്പധികൃതർക്കാണ്.

ഫിഷ് ലാന്റിംഗ് സെന്റർ പരിപാലന കമ്മിറ്റിയിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രാതിനിധ്യം നൽകി. രാഷ്ട്രീയ പാർട്ടികൾ, തൊഴിലാളി സംഘടനകൾ, കച്ചവടക്കാർ, കയറ്റുമതിക്കാർ എന്നീ വിഭാഗങ്ങളുടെ പ്രതിനിധികളും ജനപ്രതിനിധികൾ, ഫിഷറീസ്, ​പൊ​ലീസ്, റവന്യു, ആരോഗ്യ വകുപ്പ്, മത്സ്യ ഫെഡ് എന്നിവയുടെ പ്രതിനിധികൾക്കും പ്രാതിനിധ്യമുണ്ട്.

വി.കെ.സി മമ്മത് കോയ എം.എൽ.എയുടെ ​അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ​ അജയകുമാർ ചെയർമാനായി ഫിഷ് ലാന്റിംഗ് സെന്റർ പരിപാലന കമ്മിറ്റിയും രൂപീകരിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുധീർ കിഷൻ പരിപാടി വിശദീകരിച്ചു. എം. ഗിരീഷ്, എ.എം കാസീം, എൻ.കെ ബിച്ചിക്കോയ, എ. ഹസൻ, മുരളി ​മു​ണ്ടേങ്ങാട്ട്, വാളക്കട അഷ്റഫ്, തീരദേശ എസ്.ഐ പി​. ​ആലി, മത്സ്യ ഭവൻ ഓഫീസർ ശാന്തകുമാർ​,​ ടി. ജമാൽ, ആയിശാബി, ഷാഹിന തുടങ്ങിയവർ സംസാരിച്ചു.