കോഴിക്കോട്: സംസ്ഥാന സർക്കാർ ശുചിത്വ മേഖലയിൽ സുസ്ഥിര വികസം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ശുചിത്വ പദവിക്ക് ഉള്ളിയേരി പഞ്ചായത്ത് അർഹത നേടി. പ്രസിഡന്റ് ഷാജു ചെറുക്കാവിൽ പ്രഖ്യാപനം നടത്തി. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. പ്രകാശ് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ചന്ദ്രിക പൂമഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. നിർമ്മലം ഉർവരം എന്റെ ഉള്ളിയേരി പദ്ധതിയിലൂടെ നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
പ്ലാസ്റ്റിക് നിരോധനം, ക്യാരിബാഗ്, ഫ്ലക്സ് നിരോധനം, സ്ഥാപനങ്ങളിലും ആഘോഷങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കൽ, പൊതു ശുചിമുറി, ഇനി ഞാനൊഴുകട്ടെ ക്യാമ്പയിന്റെ ഭാഗമായി മാതാംതോട്, കാടാതോട് എന്നിവയുടെ ശുചീകരണം, 80 ശതമാനം വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ വാങ്ങി അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിത കർമ്മസേനയുടെ പ്രവർത്തനം, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ, റിംഗ് കമ്പോസ്റ്റ്, കമ്പോസ്റ്റ് കുഴി നിർമ്മാണം, ഹരിത സ്വയംസഹായ സ്ഥാപനത്തിന്റെ സേവനം നിർവഹണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തൽ, ശുചിത്വ ഭവനം കാമ്പയിൻ എന്നിവ ശുചിത്വ പദവി നേടിയെടുക്കാൻ കാരണമായി.
2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഉള്ളിയേരി ടൗണിൽ തുമ്പൂർമുഴി യൂണിറ്റ്, വേ സൈഡ്ഗേജ്, റിംഗ് കമ്പോസ്റ്റ് എന്നിവ നടപ്പാക്കി. മുഴുവൻ വാർഡുകളിലും മിനി എം.സി.എഫ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ റോഡരികിൽ സ്ഥാപിക്കുന്ന ബോക്സ് ചടങ്ങിൽ ഹരിതകർമ്മസേനയ്ക്ക് കൈമാറി. വി.ഇ.ഒ സബിത, ഒള്ളൂർ ദാസൻ, സി.എം സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി എ. ഇന്ദു സ്വാഗതവും എൻ.എം രമേശൻ നന്ദിയും പറഞ്ഞു.