കോഴിക്കോട്: ജില്ലാ തല സ്വാതന്ത്ര്യ ദിനാഘോഷം വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്ത് നടക്കും. കൊവിഡ്, ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ആഘോഷം. രാവിലെ 9ന് നടക്കുന്ന പരേഡിൽ എ.ഡി.എം റോഷ്‌നി നാരായണൻ അഭിവാദ്യം സ്വീകരിക്കും. പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് തലത്തിൽ 50 പേരും പഞ്ചായത്ത് തലത്തിൽ 75 പേരും മാത്രമേ പങ്കെടുക്കാവൂ.

ഓഫീസുകളിൽ നടക്കുന്ന ചടങ്ങുകളിൽ 50 പേർക്ക് വരെ പങ്കെടുക്കാം. സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ, ശുചിത്വം പാലിക്കൽ തുടങ്ങിയ കാര്യങ്ങൾ കർശനമായി പാലിക്കണം. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ, ശുചിത്വ പ്രവർത്തകർ എന്നിവരെ പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ അവരുടെ ശ്രേഷ്ഠമായ സേവനത്തിനുള്ള അംഗീകാരമായി ചടങ്ങിലേക്ക് ക്ഷണിക്കും. ജനങ്ങൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രവേശനമില്ല. എല്ലാ അംഗങ്ങളെയും ക്ഷണിതാക്കളെയും പ്രവേശന കവാടത്തിൽ തെർമൽ സ്‌കാനിംഗിന് വിധേയമാക്കും.