ബിസിനസ് മോഹം ചെറുപ്പത്തിലേ മനസിൽ മുളയിട്ടതാണ്. വളർന്നതോടെ പല ബിസിനസുകളും ചെയ്തു. ഒരിക്കലും പരാജയത്തിന്റെ തുരുമ്പ് കയറിയിട്ടില്ല; ടി.എം സ്റ്റീൽ പോലെ.
പിതാവിന്റെ വഴി പിന്തുടർന്ന് ഉയരങ്ങൾ കീഴടക്കിയ ടി.എം.സലീം ഇന്നിപ്പോൾ കോഴിക്കോട്ടെ പ്രമുഖ സ്റ്റീൽ വ്യാപാരിയാണ്. കാലം കടന്നാലും ചോർന്നു പോകാത്ത കരുത്ത്; വിശ്വാസ്യതയുടെ പര്യായം. അതാണ് ടി.എം.സ്റ്റീൽ. പിതാവ് മുഹമ്മദും അദ്ദേഹത്തിന്റെ പിതാവും സ്റ്റീൽ വ്യാപാരികളായിരുന്നു. കുട്ടിയായിരിക്കുമ്പോൾ അവരോടൊപ്പം കടകളിൽ എത്താറുണ്ട്. കണ്ടും മിണ്ടിയും ബിസിനസിന്റെ ഉള്ളറിയാൻ ചെറുപ്പത്തിൽ തന്നെ കഴിഞ്ഞു. യുവസംരംഭകനായി ബിസിനസിൽ കാലുറപ്പിക്കുകയായിരുന്നു. അന്നും ഇന്നും പൂർണസംതൃപ്തി സ്റ്റീൽ വ്യാപാരത്തിൽ മാത്രം.
@ ഐ.പി.എസ് മോഹം
പ്രാഥമിക വിദ്യാഭ്യാസം സെന്റ് പാട്രിക്സ് സ്കൂളിലായിരുന്നു. പിന്നീട് മീഞ്ചന്ത എൻ.എസ്.എസ് സ്കൂളിൽ. എസ്.എസ്.എൽ.സി പൂർത്തിയാക്കിയത് ആർ.കെ മിഷൻ സ്കൂളിൽ നിന്ന്. അപ്പോഴേക്കും ഐ.പി.എസ് മോഹം ഉളളിലുയർന്നു. സിവിൽ സർവീസ് പരീക്ഷയെഴുതണമെന്ന് മനസ്സിലുറപ്പിച്ചായിരുന്നു പഠനം. ഫാറൂഖ് കോളേജിൽ നിന്നാണ് ബി.കോം ബിരുദം നേടുന്നത്. കോളേജിൽ എൻ.സി.സി യിലെ മുൻനിര കാഡറ്റായിരുന്നു. ഡിഗ്രി കഴിഞ്ഞതോടെ തന്നെ ഐ.പി.എസ് ലക്ഷ്യംവെച്ചുള്ള ശ്രമമായി. അതിനിടെ വാഹനാപകടത്തിൽ പെട്ടപ്പോൾ പ്രതീക്ഷകളാകെ തകിടംമറിഞ്ഞു. ഒന്നര വർഷം ഏതാണ്ട് ഒരേ കിടപ്പിൽ. ഐ.പി.എസ് മോഹം അതോടെ പൊലിഞ്ഞുപോവുകയായിരുന്നു.
@ സ്റ്റീൽ വ്യാപാരത്തിലേക്ക്
കോഴിക്കോട് മൂന്നാം റെയിൽവേ ഗേറ്റ് പരിസരത്ത് 1996-ലാണ് ടി എം സ്റ്റീൽ ആരംഭിക്കുന്നത്. വൈകാതെ വിദേശ രാജ്യങ്ങളിലും ടി.എം സ്റ്റീലിന്റെ ശാഖകളായി. ഇന്ന് കേരളത്തിലടക്കം മൂന്ന് വ്യാപാര കേന്ദ്രങ്ങളുണ്ട്. വളർച്ചയുടെ ഓരോ ഘട്ടത്തിലും കൈവിടാതെ സൂക്ഷിച്ച ഗുണമേന്മയും മങ്ങാനിടയാക്കാതെ നില നിറുത്തിയ മൂല്യവുമാണ് ടി.എം. സ്റ്റീലിന്റെ കരുത്ത്. എറണാകുളത്ത് പുതിയ ബ്രാഞ്ച് ആരംഭിക്കുന്നത് 2005-ലായിരുന്നു. ടി.എം. സ്റ്റീലിന്റെ ഹെഡ് ഒാഫീസും ഇപ്പോൾ എറണാകുളത്താണ്. ടാറ്റ സ്റ്റീൽ, പി.കെ സ്റ്റീൽ, വൈശാഖ് സ്റ്റീൽ തുടങ്ങി ഇന്ത്യയിലെ മുഴുവൻ പ്രൈം ആൻഡ് റീറോൾഡ് സ്റ്റീൽ ഇനങ്ങൾ ഇവിടെ ലഭ്യമാണ്. യു.എ.ഇയിൽ 1997-ൽ ടി.എം.എസ് എന്ന പേരിൽ ശാഖ തുടങ്ങിയിരുന്നു. കേരളത്തിലും വിദേശത്തുമായി ഇപ്പോൾ 220 ജീവനക്കാർ ടി.എം.സ്റ്റീലിൽ ജോലി ചെയ്യുന്നുണ്ട്. സ്ഥാപനത്തിന്റെ മുന്നേറ്റത്തിൽ സ്റ്റാഫിന്റെ പങ്ക് നിർണായകമാണെന്ന് സലിം പറയുന്നു. പ്രതിസന്ധിഘട്ടങ്ങളിലും താങ്ങായി ജീവനക്കാർ നിൽക്കുമ്പോൾ കൈവരുന്ന ആത്മവിശ്വാസം കുറച്ചൊന്നുമല്ല. ഒാൾ കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിക്കുന്നുണ്ട് സലിം. റോട്ടറി ക്ലബ്, ലയൺസ് ക്ലബ് എന്നിവയിൽ അംഗമാണ്. ജീവകാരുണ്യ പ്രവർത്തനരംഗത്ത് ഏറെ സജീവമായ പുലരി ചാരിറ്റബിൾ ട്രസ്റ്റിലുമുണ്ട് അംഗത്വം.
@ ഒപ്പമുണ്ട് ഇവർ
ബിസിനസിൽ വളർച്ചയുടെ ഓരോ നാഴികക്കല്ല് പിന്നിടുമ്പോഴും ആ അദ്ധ്യായങ്ങളിലെല്ലാം പിതാവ് മുഹമ്മദിന്റെ കൈയ്യൊപ്പുണ്ടെന്ന് സലിം പറയുന്നു.
ഉറ്റസുഹൃത്തുക്കളായ അക്ബർ, സാഹിർ, ഇഖ്ബാൽ, രഘു തുടങ്ങിയവർ ഏതു ഘട്ടത്തിലും കൂട്ടായുണ്ടെന്നതും കാര്യമായ പിൻബലമാണ്.
@ കുടുംബം
ഭാര്യ: ജാസ്മിൻ സലീം. മക്കൾ: കെൻസ് മുഹമ്മദ് സലീം (മൈസൂർ ജെ.എസ്.എസ്
മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി), ഇളയ മകൻ കൈസ്.