lock
lock

കോഴിക്കോട്: ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക് ഡൗൺ ഉപാധികളോടെ പിൻവലിക്കുന്നതായി ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു.

ജില്ലയിലെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് ലോക്ക് ഡൗൺ പിൻവലിച്ചത്. രോഗികളുടെ എണ്ണം കൂടുകയോ പുതിയ ക്ലസ്റ്ററുകൾ ഉണ്ടാവുകയോ ചെയ്താൽ ഞായറാഴ്ച ലോക്ക് ഡൗൺ വീണ്ടും നടപ്പിൽ വരും. നിബന്ധനകൾ ഇങ്ങനെ: യാതൊരു കൂടിച്ചേരലുകളും അനുവദിക്കില്ല. വിവാഹ-ശവ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 ആക്കി. ആരാധനാലയങ്ങളിൽ ഒരുനേരം 20 പേർക്ക് മാത്രം പ്രാർത്ഥന നടത്താം.

ബീച്ചുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് അനുമതിയില്ല.

വാണിജ്യ സ്ഥാപനങ്ങൾ വൈകിട്ട് 5 മണി വരെ പ്രവർത്തിക്കാം. ഷോപ്പിൽ ബ്രേക്ക് ദി ചെയിൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. കടകളിൽ ആളുകളുടെ എണ്ണം ഒരു ചതുരശ്ര മീറ്ററിന് ഒരു വ്യക്തി എന്നായിരിക്കും. ഓരോ വ്യക്തിയും ആറടി ദൂരം ഉറപ്പ് വരുത്തണം.

പൊലീസ്, വില്ലേജ് സ്ക്വാഡുകൾ, എൽ‌.എസ്‌.ജി‌.ഐ സെക്രട്ടറിമാർ എന്നിവരുടെ പരിശോധനയിൽ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ നടപടി. കടകൾ, സ്ഥാപനങ്ങൾ, പൊതു സ്ഥലങ്ങൾ, ഇവന്റുകൾ എന്നിവ നിർബന്ധമായും സന്ദർശക രജിസ്റ്റർ ' കൊവിഡ് 19 ജാഗ്രത’ പോർട്ടലിൽ ഓൺലൈനായി രേഖപ്പെടുത്തണം. 'കൊവിഡ് -19 ജാഗ്രത’ വിസിറ്റേഴ്സ് രജിസ്റ്റർ ക്യൂആർ കോഡ് പ്രദർശിപ്പിക്കണം.

ബസിൽ സാനിടൈസർ ലഭ്യമാകണം. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.

ഇളവുകൾ കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള മേഖലകളിൽ മാത്രമായിരിക്കും.