കോഴിക്കോട്: സ്വാതന്ത്ര്യദിനത്തിൽ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ദേശീയ പതാക ഉയർത്തിയ കോഴിക്കോട് എ.ഡി.എം രോഷ്‌നി നാരായണന് പൊലീസ് സല്യൂട്ട് നൽകാതെ അപമാനിച്ചു.
ഗതാഗത മന്ത്രി എ. കെ ശശീന്ദ്രനായിരുന്നു പതാക ഉയർത്തേണ്ടത്. എന്നാൽ കരിപ്പൂർ വിമാനദുരന്ത നിവാരണ പ്രവർത്തനത്തിൽ ഏർപ്പെട്ടത് കാരണം സ്വയം നിരീക്ഷണത്തിൽ പോയതോടെ ഒഴിഞ്ഞ് നിൽക്കേണ്ടി വന്നു. ജില്ലാ കളക്ടർ സാംബശിവ റാവുവും സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. തുടർന്നാണ് എ.ഡി.എമ്മിനെ ദേശീയ പതാക ഉയർത്താൻ ചുമതലപ്പെടുത്തിയത്.
സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തുന്ന വിശിഷ്ട വ്യക്തിക്ക് മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്നവർ സല്യൂട്ട് നൽകും. എന്നാൽ ഇത്തവണ പതാക ഉയർത്തിയ എ.ഡി.എമ്മിന് സല്യൂട്ട് നൽകിയില്ല. കാരണം അന്വേഷിച്ചപ്പോൾ തങ്ങൾക്ക് അങ്ങനെയൊരു നിർദ്ദേശം ലഭിച്ചില്ലെന്ന ഒഴുക്കൻ മറുപടിയാണ് നൽകിയത്. എ.ഡി.എമ്മിനെ അപമാനിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ജില്ലാ കളക്ടർ സിറ്റി പൊലീസ് കമ്മിഷണർക്ക് കത്ത് നൽകിയിട്ടുണ്ട്.