new
ഡോ.പി.ഐ മുഹമ്മദ് ( പി.ഐ ഹോസ്പിറ്റൽ, നന്മണ്ട )

ജലദോഷം പോലെ വന്ന് മാറിപ്പോകുന്ന രോഗമാണ് സാധാരണ നിലയിൽ കൊറോണ വൈറസ് വരുത്തിവെക്കുന്നത്. പക്ഷേ, ചൈനയിൽ കഴിഞ്ഞ വർഷം ഒടുവിൽ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ് _ 2 (സിവ്യർ അക്യൂട്ട് റെസ്‌പിറേറ്ററി സിൻഡ്രോം) എന്ന മാനവരാശിയെ ആകെ മുൾമുനയിൽ നിറുത്തിയിരിക്കുകയാണ്. ഈ വൈറസ് ആഗോളതലത്തിലുണ്ടാക്കിയ ഭീതിയും ആശങ്കയും കുറച്ചൊന്നമല്ല.

കേരളം പോലുള്ള കൊച്ചു സംസ്ഥാനത്തിന് അതിനെ തുടക്കത്തിൽ വലിയൊരു പരിധി വരെ പിടിച്ചുനിറുത്താൻ കഴിഞ്ഞു. കൊവിഡ് - 19 മഹാമാരിയെ നേരിടുന്നതിൽ മറ്റ് സംസ്ഥാനങ്ങളെല്ലാം കേരളത്തെ അനുകരിച്ചു. എന്നാൽ, ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണ്. കേരളത്തിന് പുറത്ത് നിന്ന് പ്രവാസികളെത്തിയതോടെ സർക്കാർ സംവിധാനങ്ങളെല്ലാം താറുമാറായി. പനി ഇല്ലാതെ ഫ്ലൂ പോലെ , പനിയോട് കൂടിയ ഫ്ലൂ പോലെ, വയറിനെ ബാധിക്കുന്നത്, കടുത്ത ക്ഷീണത്തോട് കൂടിയത് (ഗുരുതരം), വിഭ്രാന്തിയോട് കൂടിയത് (ഗുരുതരം), വയറിനും ശ്വാസകോശത്തിനും വേദന ഉണ്ടാക്കുന്നത് (ഗുരുതരം) എന്നിങ്ങനെ ആറു തരത്തിലാണ് കൊവിഡ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് . 70 ശതമാനം പേരും ഒരു ലക്ഷണവും കാണിക്കാതെ നെഗറ്റീവ് ഫലത്തിലേക്ക് മാറുകയാണ്. 30 ശതമാനത്തിന്റെ കാര്യത്തിൽ കൊവിഡ് ലക്ഷണങ്ങളുള്ളവർ ബ്ളഡ് പ്രഷർ, കാൻസർ, പ്രമേഹം, വൃക്ക രോഗം, കരൾ രോഗം എന്നിങ്ങനെ ഏതെങ്കിലും പ്രശ്നങ്ങളുള്ളവരെങ്കിൽ വൈറസ് വല്ലാതെ പിടിമുറുക്കുകയാണ്. അത് ഒടുവിൽ മരണത്തിന് തന്നെ ഇടയാക്കുന്നു.

ലക്ഷണങ്ങൾ ഉണ്ടാകുന്നില്ലെന്നതും ഗുരുതരപ്രശ്നം തന്നെയാണ്. രോഗമുള്ളവരെ നമുക്ക് ക്വാറന്റൈൻ ചെയ്യാം. പക്ഷേ, വൈറസ് വാഹകരായ ആളുകൾ സ്ഥിതിഗതികൾ പാടെ വഷളാക്കുകയാണ്. ശരീരസ്രവവങ്ങളിലൂടെയാണ് രോഗം പടരുന്നത് . ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായിൽ നിന്നും മൂക്കിൽ നിന്നും വരുന്ന സ്രവത്തിൽ വൈറസ് ധാരാളമായുണ്ടാകാം. ഇത് വായുവിൽ പടർന്ന് സമീപത്തുള്ളവരിലേക്ക് പ്രവേശിക്കുകം. വൈറസ് ബാധയുള്ളവരുമായി സമ്പർക്കത്തിലായാലും, ആ വ്യക്തി തൊട്ടതിൽ തൊടുന്നതിലൂടെയും രോഗം പകരാം

 പ്രതിരോധം

സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും വ്യക്തിശുചിത്വം പാലിച്ചും കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാം. ശ്രദ്ധിക്കണ്ടത് ഇങ്ങനെ: സാനിറ്റെസർ, സോപ്പ് എന്നിവ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. പുറത്ത് നിന്ന് വീട്ടിൽ എത്തിയാൽ ശരീരശുദ്ധി ഉറപ്പാക്കിയതിനു ശേഷം മാത്രം അകത്തു കയറുക. ഉപയോഗിച്ച മാസ്‌ക് വലിച്ചെറിയാതിരിക്കുക. പൂച്ച, പശു, പട്ടി, ആട് എന്നിവയുമായി ഇടപഴകുന്നത് ഒഴിവാക്കുക. സമീകൃത ആഹാരം കഴിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക.

ഭക്ഷണരീതിയിലെന്ന പോലെ വ്യായാമത്തിനും വേണം ഊന്നൽ. ചിട്ടയായ ജീവിതശൈലിയുണ്ടായാൽ തന്നെ പ്രതിരോധശേഷി ഉയർത്താനാവും. പുകവലി, മദ്യപാനം, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കണം. ഈ ശീലങ്ങൾ പെട്ടെന്ന് രോഗം പിടിപെടാനിടയാക്കും.

 ജനിതകഘടന

കൊറോണ വൈറസുകൾക്ക് സ്വന്തമായി കോശവ്യവസ്ഥയില്ലെന്നിരിക്കെ വായുവിൽ ഏറെ സമയം നിൽക്കില്ല. ജീവനുള്ള കോശങ്ങളിൽ പ്രവേശിച്ചാൽ നിമിഷനേരം കൊണ്ട് പെരുകി ദശലക്ഷക്കണക്കിന് വൈറസുകളുടെ ഉത്ഭവത്തിനും ആവിർഭാവത്തിനും കാരണമാകും. വൈറസിനെ നശിപ്പിക്കാൻ വാക്സിൻ വികസിപ്പിച്ച് വരുമ്പോഴേക്കും ജനിതകമാറ്റം സംഭവിക്കാം. പ്രതിരോധശേഷിയുള്ള ഒരാളുടെ ശരീരത്തിൽ കൊറോണ വൈറസ് എത്തിയാൽ പ്രതിരോധസൈന്യം അവയെ നേരിട്ട് നശിപ്പിച്ചിരിക്കും. എന്നാൽ, ദുർബലമായ ഒരാളുടെ ശരീരത്തിലാണ് പ്രവേശിക്കുന്നതെങ്കിൽ വിപരീതഫലമാണുണ്ടാവുക. കൊറോണ വൈറസ് കോശത്തിലെ ആർ.എൻ.എ കോഡ് തന്നെ പൊളിച്ച് വ്യാജ ആർ. എൻ.എ കോഡ് നിർമ്മിക്കുകയുമാണ് ചെയ്യുക. ഇത് സ്വന്തം ആർ.എൻ.എ എന്ന് ശരീരം തെറ്റിദ്ധരിച്ച് വൈറസിന്റെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ നൽകുന്നു. ഇതോടെ ശരീരം മഹാമാരിയ്ക്ക് കീഴ്പെടുന്നു. വൈകാതെ മരണത്തിലേക്ക് നീങ്ങുന്നു.

 സാമ്പത്തികത്തകർച്ച

ഈ മഹാമാരി മനുഷ്യരാശിയെ സാമ്പത്തികമായി പാടെ തകർത്ത്, സമ്പദ്‌വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത് . ആഗോളതലത്തിലെന്ന പോലെ ഇന്ത്യൻ ഓഹരി വിപണിയും തകർന്നു. ലോകമെമ്പാടും വിവിധ മേഖലകളിൽ കടുത്ത പ്രതിസന്ധിയും തൊഴിൽനഷ്ടവുമാണ് നേരിടുന്നത്. വ്യവസായം , ഐ.ടി, കൃഷി തുടങ്ങിയ മേഖലകളും വൻ പ്രതിസന്ധിയിലാണ് . സർക്കാർ സഹായം ചെയ്യുന്നുണ്ടെങ്കിലും പട്ടിണി മാറുന്നില്ല . പല ഇടത്തരക്കാരും വാഹനവായ്പയുടെയും ഭവനവായ്പയുടെയും തിരിച്ചടവിന് കഴിയാതെ കഷ്ടപ്പെടുകയാണ്. മോറൊട്ടോറിയം പ്രഖ്യാപിച്ച സർക്കാർ ബാങ്കുകളോട് ആവശ്യപ്പെടണം, കൃഷിയ്ക്കും വ്യവസായത്തിനും ചെറിയ പലിശയിൽ വായ്പ കൊടുക്കാൻ. ഗ്രാമീണ മേഖലയിലെ ബാങ്കുകൾ അതിനു തയ്യാറാവണം. ഇത്തരം മറുമരുന്നുകളുടെ പ്രയോഗം കൂടിയുണ്ടായാൽ കുറച്ചു മാസങ്ങൾക്കകം നമുക്ക് പഴയ രീതിയിലേക്ക് എത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

വാക്‌സിൻ കണ്ടുപിടിത്തം

നിരന്തര പരീക്ഷണങ്ങളിലൂടെ കൊവിഡ് വാക്സിൻ കണ്ടുപിടിച്ചുവെന്നത് മാനവരാശിയ്ക്ക് വലിയ പ്രത്യാശയാണ് നൽകുന്നത്. ഓക്‌സ്‌‌ഫോഡ് സർവകലാശാലയും പ്രമുഖ മരുന്നു കമ്പനികളുമാണ് ഈ വാക്സിൻ വികസിപ്പിച്ചെടുത്തതിന് പിന്നിൽ. സമാന്തരമായി മൂക്കിൽ ഉപയോഗിക്കാൻ പറ്റുന്ന കൊവിഡ് വാക്സിൻ വിജയം കണ്ടെത്തുമെന്ന് ഇവർ അവകാശപ്പെടുന്നു. ബ്രിട്ടൻ, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങൾക്കു പുറമെ ഇന്ത്യയും പരീക്ഷണരംഗത്ത് ഏറെ മുന്നിലാണ്. ഇന്ത്യൻ കൊ - വാക്‌സിൻ ആദ്യ ട്രയലിൽ സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഐ.സി .എം.ആർ നേതൃത്വത്തിൽ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ഹൈദരാബാദിലെ ഭാരത് ബയോടെക് കമ്പനിയാണ് കൊ വാക്‌സിൻ വികസിപ്പിച്ച് പരീക്ഷണം തുടങ്ങിയിരിക്കുന്നത്. അടുത്ത ഘട്ടം കൂടി കഴിഞ്ഞാൽ ഈ ഒക്ടോബർ അവസാനത്തോടെ കൊ വാക്‌സിൻ വിപണിണിയിലെത്തുമെന്നാണ് പ്രതീക്ഷ.

ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ മൃഗങ്ങളിൽ നടത്തിയ പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് വിലയിരുത്തിക്കഴിഞ്ഞതാണ്. റഷ്യയിൽ 'സ്‌പുട്നിക് വി" എന്ന വാക്സിൻ വികസിപ്പിച്ചെടുത്തതായും വാർത്ത വന്നുകഴിഞ്ഞു.

ഇന്ത്യയുടെ കൊ വാക്‌സിൻ വേഗം വിപണിയിലിറങ്ങുന്നതോടെ തന്നെ കൊവിഡിന് തീർത്തും തടയിടാനാവുമെന്ന് പ്രത്യാശിക്കാം.