കോഴിക്കോട്: ജില്ലയിൽ ശനി, ഞായർ ദിവസങ്ങളിലായി 269 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച 151 പേർക്കും ഇന്നലെ 118 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 212 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 99 പേർ രണ്ടുദിവസങ്ങളിലായി രോഗമുക്തി നേടി.
ഇന്നലെ രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ട് പേർക്കുമാണ് . സമ്പർക്കം വഴി 96 പേർക്ക് രോഗം ബാധിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 22 പേർക്കും കൊയിലാണ്ടി നഗരസഭയിൽ 15 പേർക്കും തിരുവളളൂർ ഗ്രാമപഞ്ചായത്തിൽ 15 പേർക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച 1394 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുളളത്. കോഴിക്കോട് മെഡിക്കൽ കോളേജ് - 272, ഗവ. ജനറൽ ആശുപത്രി - 59, ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി. സി - 131, കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി. സി - 169, ഫറോക്ക് എഎഫ്.എൽ.ടി. സി - 152, എൻ.ഐ.ടി മെഗാ എഎഫ്.എൽ.ടി. സി - 158, എ.ഡബ്ലിയു.എച്ച് എ.എഫ്.എൽ.ടി. സി - 153, മണിയൂർ നവോദയ എഫ്.എൽ.ടി. സി - 138, എൻ.ഐ.ടി - നൈലിറ്റ് എഫ്.എൽ.ടി. സി - 22, മിംസ് എഫ്.എൽ.ടി. സി - 29. മറ്റു സ്വകാര്യ ആശുപത്രികൾ - 107. 4 കോഴിക്കോട് സ്വദേശികൾ മറ്റ് ജില്ലകളിൽ ചികിത്സയിലുണ്ട്. (മലപ്പുറം - 2 എറണാകുളം - 1 പാലക്കാട് - 1). മറ്റ് ജില്ലക്കാരായ 110 പേർ കോഴിക്കോട് ചികിത്സയിൽ കഴിയുന്നുണ്ട്. ശനിയാഴ്ച വിദേശത്ത് നിന്നെത്തിയ ഏഴ് പേർക്കും ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിയ 14 പേർക്കുമാണ് പോസിറ്റീവായത്. സമ്പർക്കം വഴി 116 പേർക്ക് രോഗം ബാധിച്ചു. 14 പേരുടെ ഉറവിടം വ്യക്തമല്ല. മാവൂരിൽ സമ്പർക്കം വഴി 15 പേർക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്ന് പേരടക്കം 18 പേർക്ക് രോഗം ബാധിച്ചു. വിദേശത്ത് നിന്നെത്തിയവരിൽ മൂന്ന് കൊടിയത്തൂർ സ്വദേശികളും രണ്ട് പേർ കോർപ്പറേഷൻ പരിധിയിലുളളവരും ഒരാൾ വേളം സ്വദേശിയുമാണ്.
ഞായറാഴ്ച ലോക്ക് ഡൗൺ ഒഴിവാക്കി
കോഴിക്കോട്: ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക് ഡൗൺ ഉപാധികളോടെ പിൻവലിക്കുന്നതായി ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു. .
ജില്ലയിലെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് ലോക്ക് ഡൗൺ പിൻവലിച്ചത്. രോഗികളുടെ എണ്ണം കൂടുകയോ പുതിയ ക്ലസ്റ്ററുകൾ ഉണ്ടാവുകയോ ചെയ്താൽ ഞായറാഴ്ച ലോക്ക് ഡൗൺ വീണ്ടും നടപ്പിൽ വരും. നിബന്ധനകൾ ഇങ്ങനെ: യാതൊരു കൂടിച്ചേരലുകളും അനുവദിക്കില്ല. വിവാഹ-ശവ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 ആക്കി. ആരാധനാലയങ്ങളിൽ ഒരുനേരം 20 പേർക്ക് മാത്രം പ്രാർത്ഥന നടത്താം. ബീച്ചുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് അനുമതിയില്ല. വാണിജ്യ സ്ഥാപനങ്ങൾ വൈകിട്ട് 5 മണി വരെ പ്രവർത്തിക്കാം. ഷോപ്പിൽ ബ്രേക്ക് ദി ചെയിൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. കടകളിൽ ആളുകളുടെ എണ്ണം ഒരു ചതുരശ്ര മീറ്ററിന് ഒരു വ്യക്തി എന്നായിരിക്കും. ഓരോ വ്യക്തിയും ആറടി ദൂരം ഉറപ്പ് വരുത്തണം. പൊലീസ്, വില്ലേജ് സ്ക്വാഡുകൾ, എൽ.എസ്.ജി.ഐ സെക്രട്ടറിമാർ എന്നിവരുടെ പരിശോധനയിൽ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ നടപടി. കടകൾ, സ്ഥാപനങ്ങൾ, പൊതു സ്ഥലങ്ങൾ, ഇവന്റുകൾ എന്നിവ നിർബന്ധമായും സന്ദർശക രജിസ്റ്റർ ' കൊവിഡ് 19 ജാഗ്രത’ പോർട്ടലിൽ ഓൺലൈനായി രേഖപ്പെടുത്തണം. 'കൊവിഡ് -19 ജാഗ്രത’ വിസിറ്റേഴ്സ് രജിസ്റ്റർ ക്യൂആർ കോഡ് പ്രദർശിപ്പിക്കണം. ബസിൽ സാനിടൈസർ ലഭ്യമാകണം. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. ഇളവുകൾ കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള മേഖലകളിൽ മാത്രമായിരിക്കും.
കൊയിലാണ്ടിയിൽ 14 പേർക്ക് കൊവിഡ്
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പും നഗരസഭയും ജാഗ്രത കർശനമാക്കി. ബീച്ച് റോഡ് 39ാം വാർഡിൽ എട്ട് പേർക്കും 15ാം വാർഡ് പന്തലായനി നെല്ലിക്കോട് കുന്നിൽ ഒരാൾക്കും 41ാം വർഡിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. താലൂക്കാശുപത്രിയിൽ 12ാം തീയതി നടത്തിയ പി.സി.ആർ ടെസ്റ്റിലാണ് 39ാം വാർഡിലെ 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റൊരാൾക്ക് കോഴിക്കോട് നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്. പന്തലായനി നെല്ലിക്കോട്ട് കുന്നിൽ താമസിക്കുന്നയാൾ കഴിഞ്ഞയാഴ്ച മുത്താമ്പിയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഇന്നലെ കൊയിലാണ്ടിയിലെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് പോസിറ്റീവ് സ്ഥിരീകരിച്ചത്.